SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Friday 21 June 2019

അവൾ അവൻ അയാൾ

അവളുടെ ആകാശങ്ങൾ ഒട്ടും വലുതൊന്നും ആയിരുന്നില്ല. അവളുടെ പത്താംതരം പഠനം പാതിയിൽ നഷ്ടപ്പെടുത്തിയതാണ് അച്ഛൻ. കാരണം അന്ന് വിരൂപയായ ഒരു ദീനാമ്മയുടെ കഥ പഠിക്കാൻ ഉണ്ടായിരുന്നു. ദീനാമ്മയുടെ വൈരൂപ്യത്തെ ടീച്ചർ വായിച്ചു കേൾപ്പിച്ചപ്പോൾ ക്ലാസ്സിൽ ഒരു കുട്ടി അപ്പോൾ തന്നെ അവളെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞു "ടീച്ചറെ, ദീനാമ്മ അപ്പോൾ അവളെ പോലെ ഒട്ടും കാണാൻ കൊള്ളാത്ത ഒരുത്തിയാണല്ലേ?". അതുകേട്ട ടീച്ചർ ആ കുട്ടിയെ വഴക്കു പറഞ്ഞു. അച്ഛന്റെ കൂട്ടുകാരന്റെ മകളായിരുന്നു ആ കുട്ടി. ആ കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പിന്നെ അച്ഛന്റെ ശകാരം മുഴുവൻ അവൾക്കായിരുന്നു. "ഇനി നീ ഇവിടുന്ന് പഠിക്കാനും പോവണ്ട, പുറത്തും പോവരുത്, വെറുതെ ആൾക്കാരെക്കൊണ്ട് പറയിപ്പിക്കാൻ ഒരു ജന്മം!". പിന്നീടുള്ള കാലം അവൾ സ്വയം അവളുടെ രൂപത്തെ ശപിച്ചു കൊണ്ടു ജീവിച്ചു. പക്ഷെ, അച്ഛനോടൊരിക്കലും അവൾക്ക് ദേഷ്യം ഉണ്ടായിരുന്നില്ല. അച്ഛന് നിരാശയാണ്. ആദ്യമായി തങ്ങൾക്കുണ്ടായ കുഞ്ഞ് മറ്റുള്ളവർ കണ്ടാൽ കളിയാക്കുന്ന ഒരു കോലം ആയല്ലോ എന്ന സങ്കടത്താലുള്ള നിരാശയാണ് തന്നോടുള്ള അച്ഛന്റെ അവഗണന എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. അവൾക്ക് ശേഷം ജനിച്ച കുഞ്ഞും പെൺകുഞ്ഞായിരുന്നു. ആ കുഞ്ഞ് അതീവസുന്ദരിയായിരുന്നതിനാൽ തന്നെ അച്ഛന് പ്രിയപ്പെട്ട മകളായിരുന്നു അവളുടെ അനിയത്തി. അതിലവൾക്ക് പരാതിയും പരിഭവവും ഉണ്ടായിരുന്നില്ല.
അവൾക്ക് വായന ഒരുപാട് ഇഷ്ടമായിരുന്നു. അതിലായിരുന്നു അവൾ ആശ്വാസം കണ്ടെത്തിയിരുന്നത്. തൊട്ടടുത്ത വീട്ടിലെ ഹയർ സെക്കണ്ടറിക്ക് പഠിക്കുന്ന, അവൾ സ്വന്തം അനിയനായി കരുതുന്ന ഒരു ആൺകുട്ടിയായിരുന്നു അവൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ എത്തിച്ചു കൊടുത്തിരുന്നത്. സ്വന്തമായിട്ട് സഹോദരന്മാർ ഇല്ലാത്തതുകൊണ്ട് അവൾ അവനോട് ഒത്തിരി സ്നേഹവും വാത്സല്യവും കാണിച്ചിരുന്നു. പക്ഷെ, അവൻ ഒരു യുവാവ് ആയതോടു കൂടി അവന് അവളോടുള്ള മനോഭാവത്തിൽ മാറ്റം വരുന്നതായി അവൾ അറിഞ്ഞു. "ചേച്ചി, നാളെ എനിക്ക് കോളേജിൽ ആനുവൽ ഡേ ആണ്. ചേച്ചി എന്റെ കൂടെ വരോ? നമുക്കൊരു ദിവസം കറങ്ങിയിട്ടു വരാം. പിന്നെ ഒരു റൂം എടുത്ത് തങ്ങിയിട്ട് വൈകുന്നേരം ആവുമ്പഴേക്ക് തിരിച്ചു വരാം. ആരും അറിയില്ല. ചേച്ചി കൂട്ടുകാരികളുടെ വീട്ടിലേക്കെന്ന് പറഞ്ഞു ഇറങ്ങിയാൽ മതി. ഞാൻ വഴിയിൽ കാറുമായി കാത്തു നിൽക്കാം. എത്രയെന്നു വെച്ചാ ചേച്ചി ഇങ്ങനെ സുഖം അറിയാതെ ജീവിക്കുന്നത്. എനിക്ക് തോന്നുന്നില്ല ചേച്ചിക്കൊരു വിവാഹ ജീവിതം ഉണ്ടാവും എന്ന്. എനിക്ക് ഇതൊരു പുതിയ കാര്യം ഒന്നും അല്ല. ഞങ്ങൾ കോളേജിൽ നിന്ന് ഇങ്ങനെ പെൺകുട്ടികളുമായി സ്ഥിരമായി പോവുന്ന ഇടം ഉണ്ട്. ചേച്ചി ഒട്ടും പേടിക്കണ്ട കാര്യം ഒന്നും ഇല്ല്യ." അവൻ അയച്ച ആ sms കണ്ട് അവൾ ശരിക്കും ഞെട്ടിപ്പോയി. തന്നെക്കാൾ എട്ടൊൻപത് വയസ്സ് ഇളപ്പം ഉള്ള, സ്വന്തം അനിയൻകുട്ടിയായി കണ്ട അവന്റെ മെസ്സേജിലെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തിൽ ഒരു ഇടിത്തീ ആയിട്ടായിരുന്നു പതിച്ചത്. അവൾക്ക് അവനോട് ഒന്നും പറയാനുണ്ടായിരുന്നില്ല. അവളുടെ പെണ്ണുടലിൽ ഒരു സുന്ദരമായ മനസ്സുണ്ടായിരുന്നെന്ന് അറിയാതെ പോയ അവനെ ഓർത്തു അവൾ കണ്ണീരു കൊണ്ട് അവനു മാപ്പു കൊടുത്തു. തിരിച്ചവനൊരു മറുപടി പോലും അവൾ നൽകിയില്ല. അവളുടെ രോഷം തിരിച്ചറിഞ്ഞുകൊണ്ടോ എന്തോ പിന്നീട് അവൻ അവളെ കാണാൻ ശ്രമിച്ചില്ല. അവളുടെ വായനയും കുറഞ്ഞു. അവളുടെ വൈരൂപ്യം കൊണ്ടുള്ള നിരാശ അവളിൽ എന്നും കൂടിക്കൂടി വന്നു. ഇടക്ക് അമ്മയെ നഷ്ടപ്പെടുകയും ചെയ്തു. തന്നെ മനസ്സിലാക്കാൻ ആരും ഇല്ലെന്നും തനിച്ചാണെന്നും അവൾ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.
അനിയത്തി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി. അച്ഛൻ അനിയത്തിയിൽ എന്നും അഭിമാനിച്ചു. അവളന്നും വീട്ടുജോലികൾ ചെയ്ത്, അനിയത്തിയുടെയും അച്ഛന്റെയും കാര്യങ്ങൾ അറിഞ്ഞു ചെയ്യുന്ന മുപ്പത്തിരണ്ടു വയസ്സുകാരിയായ ഒരു സ്ത്രീ ആയിരുന്നു. എന്നിട്ടും ആരും അവൾക്ക് ഒരു വിവാഹാലോചനയുമായി വീട്ടിലേക്ക് വന്നില്ല. പക്ഷെ , അനിയത്തിയുടെ പഠനം എല്ലാം കഴിഞ്ഞിരിക്കുന്ന ആ സമയത്ത് അനിയത്തിക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങി. അനിയത്തിയുമായി ഒത്തിരി പ്രായ വിത്യാസം ഉള്ള, എന്നാൽ നല്ല സാമ്പത്തിക സ്ഥിതിയും സർക്കാർ ജോലിയും ഉള്ള യോഗ്യനും സുമുഖനുമായ ഒരാളുമായി അനിയത്തിയുടെ വിവാഹം നടന്നു. അയാൾ അനിയത്തിക്ക് ഉത്തമനായ സ്നേഹനിധിയായ ഒരു ഭർത്താവായിരുന്നു. അനിയത്തിയുടെ വിവാഹം കഴിഞ്ഞ നാളുകളിൽ അയാൾ ചേച്ചിയുണ്ടാക്കുന്ന വിഭവങ്ങളെ പുകഴ്ത്തി സംസാരിക്കുമായിരുന്നു. പോകെ പോകെ അയാളുടെ പുകഴ്ത്തൽ അനിയത്തി കേൾക്കാതെ അവളുടെ മേനിയെ കുറിച്ചായി. "മുഖത്തിന് ഭംഗി കുറവാണെങ്കിലെന്താ നിന്റെ ശരീരഘടന എന്നെ നിന്നിലേക്ക് കൂടുതൽ ആകർഷണം ഉണ്ടാക്കുകയാണ്. നിന്റെ അനിയത്തിയേക്കാൾ മേനിയഴക് എനിക്ക് നിന്നിലാ കാണാനായത്." എന്നും പറഞ്ഞു വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് അയാൾ അവളെ കയറിപിടിക്കാൻ ശ്രമിച്ചതോടു കൂടി അയാളെ മുറിക്കു പുറത്തേക്കു തള്ളി കതകു കുറ്റിയിട്ടു കതകിൽ ചാരി നിന്നവൾ പൊട്ടി പൊട്ടി കരഞ്ഞു. അയാൾ തനിക്കു നേരിട്ട അപമാനം സഹിക്കാതെ ദേഷ്യത്തിൽ ഓരോന്നും പുലമ്പി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ആ സമയം അവളുടെ അവിവേക ചിന്തകൾ കെട്ടഴിഞ്ഞുകൊണ്ടിരുന്നു. 'തന്റെ വൈരൂപ്യം കാരണം താൻ അനുഭവിച്ച ഒറ്റപ്പെടലിനും ഏകാന്തതക്കും ഇന്നേ വരെ ഒരാളോടും താൻ പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല്യ. ദൈവത്തോടല്ലാതെ. പിന്നെ എന്തിനാണ് മനുഷ്യർ എന്നെ ഇങ്ങനെ വേട്ടയാടുന്നത്. താനൊരു പെണ്ണുടൽ മാത്രം ആയതു കൊണ്ടോ? വൈരൂപ്യം നിറഞ്ഞ ആ ഉടലിനുള്ളിൽ ഒരു പെണ്മനസ്സ് ഉണ്ടെന്ന് എന്തേ ആരും തിരിച്ചറിയാതെ പോയത്. ഒരു പുരുഷന്റെ കരുതലും സ്നേഹവും പ്രണയവും ലാളനയും എല്ലാം കൊതിക്കുന്ന ഒരു സാധാരണ സ്ത്രീയുടെ മനം ഉണ്ടെന്ന് അറിയാതെ പോയത്. ഒരു ഭാര്യയായി അമ്മയായി കുടുംബിനിയായി ജീവിക്കാൻ കൊതിക്കുന്ന ഒരു ഹൃദയത്തുടിപ്പുണ്ടെന്ന് മനസ്സിലാക്കാതെ പോയത്. പെണ്ണെന്നു പറയുന്നത് ഒരു ഉടൽ മാത്രമാണോ? അതിലൊരു പെണ്മനസ്സു കൂടി ഇല്ല്യേ? അച്ഛനോ, സഹോദരനോ, ഭർത്താവോ, മകനോ അതുമല്ലെങ്കിൽ ഒരു ആത്മസുഹൃത്തോ ആയ പുരുഷ വർഗം നൽകുന്ന ആത്മവിശ്വാസവും കരുതലും സ്നേഹവും കൊണ്ട് ഒരു സ്ത്രീക്ക് അല്ലെങ്കിൽ പെൺകുട്ടിക്ക് ഈ ആകാശത്തിന് ചുവടെയും മുകളിലുമായി അസാധ്യമായത് ഒന്നും തന്നെ ഉണ്ടാവില്ല. അല്ലാതെ ഒരിക്കലും തന്റെ മാത്രം കഴിവുകൊണ്ടല്ല. മിക്ക സ്ത്രീകളും നവോഥാനവും സ്ത്രീവിമോചനവാദികളും ഒക്കെ ആവുന്നത് ഈ പറഞ്ഞ ചില പുരുഷ വർഗ്ഗത്തിൽ നിന്നുണ്ടായ അവഗണയുടെ ഫലമായിട്ടായിരിക്കാം. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പുരുഷന്റെ കരുതലിനെ ആയിരിക്കും, മുതലെടുപ്പിനെ ആയിരിക്കില്ല. തന്റെ വൈരൂപ്യം ആയിരുന്നോ തനിക്ക് നേരിടേണ്ടി വന്ന അവഗണനയും മുതലെടുപ്പും. അത് തന്റെ മാത്രം കുറ്റം ആയിരുന്നോ? അതിനു താൻ മാത്രം ആണോ ഉത്തരവാദി. അതോ താനൊരു പെണ്ണുടൽ മാത്രം ആണെന്നുള്ള ആളുകളുടെ കാഴ്ചപ്പാടോ? തന്റെ വൈരൂപ്യത്തെ സുന്ദരമായി കാണാനുള്ള കണ്ണുകളുമായി ഒരു മജ്‌നുവിനെ എന്തേ ദൈവമേ നീയെനിക്കായ്‌ അയച്ചില്ല. തന്റെ വേദനകൾക്കും അവഗണനകൾക്കും ഏകാന്തതക്കും കൂട്ടായി എന്തുകൊണ്ട് നീയെനിക്കായ്‌ സിൻഡ്രലയുടെ രാജകുമാരനെ പോലെ ഒരുത്തനെ എനിക്കായ് പറഞ്ഞയച്ചില്ല. ഉത്തരം കിട്ടുന്നില്ലല്ലോ ദൈവമേ ഒന്നിനും..!' അവളിൽ നിഗൂഢമായ ഭ്രാന്ത് അവളുടെ ചിന്തകളെ വരിഞ്ഞു കെട്ടിക്കൊണ്ടിരുന്നു. വേദനയും നിരാശയും വിറകുകൊള്ളികളായി തീക്കനലുകളൊരുക്കാൻ തുടങ്ങി. നീറിപ്പുകഞ്ഞു നീറിപ്പുകഞ്ഞു ഒരു തീപ്പന്തം കൊണ്ടവൾ തന്റെ ജീവിതം അവസാനിപ്പിച്ചു. വൈരൂപ്യമേറിയവളുടെ മൃതശരീരം മരണശേഷം വികൃതമായതിനാൽ പിന്നെയാർക്കും അവളുടെ ഉടലിനെ കാണേണ്ടി വന്നില്ല. സ്വന്തം അച്ഛന് പോലും. അവളാഗ്രഹിച്ചിരുന്നതും അതായിരിക്കണം.
പക്ഷെ, വർഷങ്ങൾ പലതു കഴിഞ്ഞപ്പോൾ ഉണ്ടായ മാറ്റങ്ങൾ അവളറിയുന്നുണ്ടോ? അന്നവളുടെ പെണ്ണുടലിനെ മോഹിച്ച അവൻ ഇന്ന് രണ്ടു വയസ്സുകാരനായ അവന്റെ മകന്റെ സാന്നിദ്ധ്യത്തിൽ തന്റെ മകന്റെ അമ്മയെ വിവാഹം ചെയ്ത് ജീവിത പങ്കാളിയാക്കി നാട്ടുകാരുടേയും ബന്ധുക്കാരുടെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നതും, അവളെ കടന്നു പിടിക്കാൻ ശ്രമിച്ച അയാളിന്ന് തന്റെ മകളുടെ പ്രായം ഉള്ള ഒരു കൊച്ചു കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അഴിയെണ്ണുകയാണെന്നും.
ഒപ്ര വിൻഫ്രേ, ലിസി വെനസ്‌ക്വേലസ് പോലുള്ളവരെയൊക്കെ പോലെ മറ്റുള്ളവർക്ക് പ്രചോദനമാവാതെ അവരെയെല്ലാം വിസ്മരിച്ച് സ്വന്തം വൈരൂപ്യത്തെ ശപിച്ചു സ്വന്തം ജീവിതം നശിപ്പിച്ച അവളൊരു മണ്ടിയായിരുന്നു. ധൈര്യം ആണ് ജീവിക്കാനുള്ള ഏറ്റവും വലിയ ആയുധം എന്ന് തിരിച്ചറിയാതെ പോയ വിഡ്ഢി.!
ഇന്നവളുടെ വീടിനു തെക്കുവശത്തായി കാണുന്ന അവളുടെ കുഴിമാടത്തിനരികിൽ തഴച്ചു വളരുന്ന തെച്ചിച്ചെടിയിൽ സിന്ദൂര ചുവപ്പിൽ നിറയെ തെച്ചിപ്പൂക്കളാണ്. അവൾ ആഗ്രഹിച്ച പോലെ ഇന്നവളും സുമംഗലിയായിരിക്കുന്നു.
ദീർഘ സുമംഗലീ ഭവ..!


സൗദ ബിൻത് ബഷീർ

No comments:

Post a Comment