SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Friday 21 June 2019

ഭാര്യയുടെ പരിഭവങ്ങളുടെ ആഫ്റ്റർ എഫക്ട്

പതിവു പോലെ നമ്മുടെ കഥാനായകൻ ഓഫീസിൽ ജോലി ചെയ്തോണ്ടിരിക്കാണ്. ആ സമയത്താണ് ഫോണിൽ വാട്സാപ്പ് സന്ദേശം വന്ന ശബ്ദം കേട്ടത്. ഉടനടി ഫോണെടുത്ത് നോക്കിയ നമ്മുടെ കഥാനായകൻ കണ്ണുംതള്ളി തലയിൽ കയ്യും വെച്ച് ഒറ്റയിരുപ്പാ. എന്നിട്ടാ ഒറ്റയിരുപ്പിൽ മൂപ്പർ സന്ദേശം മുഴുവൻ വായിച്ചു തീർത്തു ട്ട. ആ സന്ദേശം വായിക്കാനെടുത്ത സമയം വെച്ച് അത് എന്തോ കാര്യമായിട്ടുള്ള ഒരു സന്ദേശം ആണെന്ന് ഈ നമ്മക്ക് തോന്നാതിരുന്നില്ല ട്ട. അയ്... പിന്നെ കണ്ടെടാ മ്മടെ കഥാനായകൻ ബൈക്കിന്റെ കീയും എടുത്ത് നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങാൻ നിക്കുന്നു. മ്മടെ അല്ലേ കഥാനായകൻ, കാര്യം നമ്മക്കും അറിയണ്ടേ. ഞാൻ മൂപ്പരോട് പോയി ചോയ്ച്ച് ട്ട. അപ്പഴല്ലേ രസം. മൂപ്പർടെ ഭാര്യ മെസ്സേജ് അയച്ചതാ. അതും എന്തും പറഞ്ഞോണ്ട്? മൂപ്പർക്ക് ഇപ്പോ ഭാര്യയോട് പഴയ പോലെ സ്നേഹം ഇല്ല്യ.. മൂപ്പത്തിയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലാ.. മുപ്പത്തി വെച്ചുണ്ടാക്കുന്നതിനൊന്നും മൂപ്പര് ഒരഭിപ്രായോം പറയൂല... അങ്ങനെ ഒരായിരം പരിഭവങ്ങളും പരാതികളും. ഞാനും അപ്പൊ അതൊന്ന് വായിച്ചു ട്ട. അപ്പൊ എനിക്കും തോന്നാതിരുന്നില്ല ആ പരിഭവത്തിൽ സത്യം ഇല്ലാതില്ലാന്ന്.. പെണ്ണുങ്ങളെ ആ കത്ത് ഇങ്ങളൊന്ന് വായിക്കണം.. ഞങ്ങക്ക് ഭാര്യമാരുടെ ചെറിയ ചെറിയ പരിഭവങ്ങളൊന്നും തീർക്കാനുള്ള സമയം ഇല്ല്യ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപാട് പെടുന്നോണ്ടാ അതിനൊന്നും സമയം ഇല്ലാത്തെ എന്ന് പറയുന്ന ആണുങ്ങളേ ഇങ്ങളും ആ കത്ത് വായിക്കണം ട്ട. ഇതുവരെ ഭാര്യയാവാത്ത ചെക്കന്മാരെ ഇങ്ങളും അറിയണം അത്. കല്യാണം കഴിഞ്ഞാൽ പെണ്ണിന്റെ മനസ്സ് എന്തായിരിക്കും ആഗ്രഹിക്കുന്നത് എന്നറിയാം. അയ്... അതിനാ കത്ത് ഇപ്പൊ ഇങ്ങക്ക് എങ്ങനാ വായിക്കാൻ പറ്റാ എന്നല്ലേ ഇങ്ങള് ആലോയ്ക്കുന്നത്. എന്നാ കേട്ടോളീ, ആ കത്ത് മ്മളെ ആശാൻ, എന്ന് വെച്ചാ മുഹമ്മദ് ഷാഫി "നിലാവിന്റെ കൂട്ടുകാരൻ" എഴുതിയ "ഭാര്യയുടെ പരിഭവങ്ങൾ" വായിച്ചാ മതി ട്ട. ഇനിയിപ്പോ അതല്ലല്ലോ കഥ, മ്മടെ കഥാനായകൻ വീട്ടിൽ ചെന്നിട്ട് എന്തൊക്കെയാ നടക്കാൻ പോവുന്നതെന്നറിയാഞ്ഞിട്ട് ഒരു പൊറുതികേട്‌. മ്മക്കൊന്ന് പിന്നാലെ പോയി നോക്കിയാലോ? ഇങ്ങളും ന്റെ ഒപ്പം വരീ ട്ട. ഒളിഞ്ഞുനോട്ടം ഒക്കെ ഒരു സുഖം അല്ലേ.. ഏത്..? ആ അത് തന്നേന്ന്..! അപ്പൊ പോവല്ലേ..? അയ്.. ന്റെ ചെങ്ങായീ ഇജ്ജ് ഓട്ക്കാ ഈ പായ്ണത്.. അനക്ക് തന്നെ കാണാ..!
അങ്ങനെ നമ്മുടെ കഥാനായകൻ, വാവാച്ചിയുടെ സ്വന്തം ഷാഫിക്ക അന്ന് വൈകുന്നേരം പതിവിലും നേരത്തെ ഓഫീസിൽ നിന്ന് തന്റെ വാഹനത്തിൽ കുതി കുതിച്ചെത്തി വീടിനു മുന്നിൽ ഒരു വശത്തു തന്റെ സന്തത സഹചാരിയായ ബൈക്കിനെ നിർത്തിയിട്ട്, ബാഗെടുത്ത് ഒരു വശത്തേക്ക് ചരിച്ച് തോളിലേക്കിട്ട് "മുത്തുച്ചിപ്പി പോലൊരു കത്തിനുളളിൽ വന്നൊരു കിന്നാരം.. 
കിന്നരിച്ചു പാടുവാൻ ഉള്ളിന്നുള്ളിൽ നിന്നൊരു ശ്രീരാഗം.." എന്നൊരു പാട്ടൊക്കെ മൂളി ചെറുതായി കാലുകൾ കൊണ്ട് ചില നൃത്ത ചുവടുകളൊക്കെ വെച്ച് ഉമ്മറക്കോലായിലേക്ക് അങ്ങനെ പടികളോരോന്നും താളത്തിൽ തന്നെ കയറിച്ചെന്നു. അപ്പോഴതാ നമ്മുടെ കഥാനായിക ഉമ്മറ വാതിലിൽ നമ്മുടെ കഥാനായകന് ഏറെ ഇഷ്ടപ്പെട്ട സ്വർണ്ണക്കരയുള്ള മഞ്ഞ സാരി ഉടുത്ത് കഥാനായകന്റെ വരവും നോക്കി പുഞ്ചിരി തൂകി കാലുകൾ കൊണ്ട് കളം വരച്ച് ഒരു നവ വധുവിന്റെ ലഞ്ജയോടെ അങ്ങനെ നിൽക്കുന്നു. നമ്മുടെ കഥാനായകൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണിലെ കാന്തിക ശക്തി അവനെ അവളുടെ അടുത്തെത്തിച്ചു. അവളുടെ മുന്നിലെത്തിയ അവൻ രണ്ടു കാൽ മുട്ടുകൾ കുത്തി അവൾക്ക് മുന്നിൽ ഇരുന്നു. ഉടൻ തന്നെ തോളിലെ ബാഗ് താഴെ വെച്ച് അതിൽ നിന്നും അവൾക്കായ് വാങ്ങി വെച്ച പനിനീർ പുഷ്പമെടുത്ത് അവൾക്ക് നേരെ നീട്ടി. അത് കണ്ടതും അവളുടെ മുഖം നാണം കൊണ്ട് വീണ്ടും ആകെ ചുവന്ന് തുടുത്ത് അവളും അവനും പഴയ ആ പ്ലസ്‌വൺകാരനേയും ഒൻപതാം ക്ളാസുകാരിയെയും ഓർമിപ്പിക്കും വിധം കണ്ണിൽ കൺ നോക്കി നിന്നു. (മനസ്സിലായില്ലേ ഇവര് ആ പ്രായം തൊട്ട് പ്രേമിച്ച്, പിന്നെ കെട്ടിയതാ.. )
'അന്നൊരു നാളിൽ നിന്നനുരാഗം പൂപോലെ എന്നെ തഴുകി.. 
ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ് അറിയാതെ സ്വപ്‌നങ്ങൾ കണ്ടു.. 
മിഴികൾ പൂവനമായ് അധരം തേൻകണമായ് ശലഭങ്ങളായ് നമ്മൾ പാടീ മന്മദ ഗാനം..' 

'ആരുമില്ലാ ലോകത്ത് ആരുമില്ലാ നേരത്ത് ആരുമാരും ഇല്ലാതെ ഞാൻ നടന്നു.. 
പാട്ടുപാടാനറിയാതെ ആട്ടമാടാനറിയാതെ ഒന്നുമൊന്നുമറിയാതെ പൊട്ടനായിരുന്നു ഞാൻ!' അസ്ഥാനത്തുള്ള ആ പൊട്ടൻ വിളിയാണ് അവരെ സ്ഥലകാല ബോധം വീണ്ടെടുപ്പിച്ചത്. ആ സമയം നമ്മുടെ കഥാ നായിക കലി കയറി ഒരു ഭദ്രകാളി ഭാവം ആയിരുന്നു. നമ്മുടെ കഥാനായകാനാണെങ്കിലോ വെപ്രാളപ്പെട്ട് ബാഗിൽ നിന്ന് മൊബൈൽ ഫോൺ വലിച്ച് പുറത്തെടുത്ത് "കോപ്പ്! ഇവന്മാർക്കൊന്നും വാട്സാപ്പിൽ സ്റ്റാറ്റസ് വെക്കാൻ വേറെ ഒരു പാട്ടും കിട്ടിയില്ലേ? തെണ്ടികൾ! നിങ്ങളുടെ എല്ലാം ഭാര്യമാര് എന്റെ വാവാച്ചിയേക്കാൾ വല്യ കത്തെഴുത്തുകാരാവാൻ യോഗം ഉണ്ടാവട്ടെ" എന്ന് മനസ്സിൽ സകല കലിപ്പും വെച്ച് പ്രാകി ഫോൺ സ്വിച്ച് ഓഫ് ആക്കി ബാഗിൽ തിരികെ വെച്ചു. എന്നിട്ട് കഥാനായികക്ക് മുന്നിൽ തന്റെ ഇരു ചെവികളിലും പിടിച്ച് മാപ്പപേക്ഷിച്ചു കൊണ്ടേ ഇരുന്നു. പാവം നമ്മുടെ കഥാനായിക അവളുടെ ഷാഫിക്കയുടെ ആ നിഷ്കളങ്ക മുഖഭാവം കണ്ട് അവന്റെ രണ്ടും ചുമലുകളും പിടിച്ച് ഉയർത്തി തനിക്ക് അഭിമുഖമായി നിർത്തി അവനു ഒരു മധുര പുഞ്ചിരി സമ്മാനമായി നൽകി. "കള്ളിപ്പെണ്ണ്" എന്നും പറഞ്ഞ് അവനാ പനിനീർ പൂവുകൊണ്ടവളുടെ മുഖത്ത് തട്ടി. ആ പൂവ് അവന്റെ കയ്യിൽ നിന്നും തട്ടിയെടുത്ത് "ഇക്കാക്ക് ഞാൻ ഇപ്പോൾ ചായയെടുക്കാം" എന്നും പറഞ്ഞവൾ അടുക്കളയിലേക്കോടി. 
"ഇന്നലത്തെ ഉന്നക്കായ ബാക്കിയുണ്ടെങ്കിൽ എനിക്കത് മതി ചായക്ക് പലഹാരം, ഇന്നലെ അത് ആസ്വദിച്ച് കഴിക്കാൻ കഴിഞ്ഞില്ല." അവൻ അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞ് ടേബിളിനരികിലേക്ക് കസേര വലിച്ചിട്ട് ടേബിളിൽ താളമിട്ടോണ്ടിരുന്നു. 
അങ്ങനെ നമ്മുടെ കഥാനായിക ഒരു പ്ലേറ്റ് ഉന്നക്കായയും രണ്ടു ഗ്ലാസ് ചായയും ടേബിളിൽ കൊണ്ടു വന്നു വെച്ചു. അവര് രണ്ടുപേരും ഒരുമിച്ചിരുന്ന് തന്നെ ചായയും പലഹാരവും കഴിച്ചു. 
"എന്റെ ഉമ്മ ഉണ്ടാക്കുന്ന അതേ രുചിയുണ്ട് വാവാച്ചിയുണ്ടാക്കിയ ഉന്നക്കായക്കും. നമ്മുടെ മോൾക്കും അവള് വലുതാവുമ്പോൾ ഇതുണ്ടാക്കുന്നത് പഠിപ്പിച്ചു കൊടുക്കണം. നമ്മുടെ മോൾക്കും അവളുടെ ഉമ്മാന്റെ കൈപ്പുണ്യം കിട്ടട്ടെ." എന്നും പറഞ്ഞവൻ അടുത്ത ഉന്നക്കായ എടുക്കാൻ കൈ പ്ലേറ്റിലേക്ക് എത്തിച്ചതും അവൾ പ്ലേറ്റ് അവിടുന്ന് എടുത്തു. 
"ഇപ്പോൾ തന്നെ രണ്ടെണ്ണം കഴിച്ചു. എണ്ണപ്പലഹാരങ്ങൾ അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല ഇക്കാ. പിന്നൊരു ദിവസം ഞാൻ ഉണ്ടാക്കി തരാം. ഇനി അന്ന് കഴിക്കാം. ഇപ്പൊ ഇത്ര മതി." അവൾ പുഞ്ചിരിച്ച് കൊണ്ട് സ്നേഹ വായ്‌പോടെ അവനോട് പറഞ്ഞു. "ശരി, അപ്പോൾ ബാക്കിയുള്ളത് എന്ത് ചെയ്യും. കളയാനാണോ?" 
"ഏയ് അല്ല. അത് ഞാൻ നമ്മുടെ അപ്പുറത്തെ വീട്ടിലെ ബെൻസി ഇത്താക്കും മോള് ആദിക്കും കൊടുക്കാന്ന് വിചാരിച്ചിരിക്കാ. ഇന്നലെ എന്റെ മാനസികാവസ്ഥ ശരിയല്ലാതിരുന്നതുകൊണ്ട് കൊണ്ടുകൊടുക്കാൻ കഴിഞ്ഞില്ല." 
"ഹമ്പടീ! അപ്പോൾ അവരുടെ ആരോഗ്യം നശിച്ചോട്ടേന്ന് അല്ലേ?" 
"ദേ ഷാഫിക്ക, ഇന്ന് തന്നെ വീണ്ടും എന്നെക്കൊണ്ട് ഒരു കത്തുകൂടി എഴുതിപ്പിക്കരുതേ. അല്ലേലും എന്റെ കാര്യത്തേക്കാളും ശ്രദ്ധ കൂടുതൽ മറ്റുള്ളവരുടെ കാര്യത്തിലാണല്ലോ. എനിക്ക് ഇത് തന്നെ കിട്ടണം." എന്നും മുറുമുറുത്തവൾ ടേബിളിലിരുന്ന പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് നടന്നു. 
"അള്ളോഹ്! എന്റെ വാവാച്ചി എന്നോട് ക്ഷമിക്ക്. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ" എന്ന് ഒരു അനുനയ സ്വരത്തിൽ പറഞ്ഞ് അവൻ അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് ചെന്നു. അപ്പഴും മുഖം കനപ്പിച്ച് പാത്രം കഴുകാനൊരുങ്ങി നിന്നിരുന്ന നമ്മുടെ കഥാനായികയെ അവിടുന്ന് മാറ്റി ഒരരികിലേക്കായി നിർത്തി "വയ്യാത്ത കൈ കൊണ്ട് എന്റെ വാവാച്ചി കഴുകണ്ട, ഞാൻ കഴുകി വെക്കാം." എന്നും പറഞ്ഞ് നമ്മുടെ കഥാനായകൻ സിങ്കിനടുത്തേക്ക് നിന്നു. ഷർട്ടിന്റെ കൈകൾ രണ്ടും മുട്ടിന് മുകളിലേക്ക് കയറ്റി വെച്ച്, ടാപ്പ് തുറന്ന് അതിൽ നിന്ന് ഒരു കൈക്കുമ്പിളിൽ വെള്ളമെടുത്ത് നമ്മുടെ കഥാനായികയുടെ മുഖത്തേക്ക് കുടഞ്ഞു കൊണ്ടവൻ ചിരിച്ചു. "ദേ ഷാഫിക്ക!" അവൾ മുഖം സാരിത്തല കൊണ്ട് തുടച്ച് കൊണ്ട് ഒരു പരിഭവസ്വരത്തിൽ അവനെ നോക്കി. അവന്റെ കുസൃതിഭാവവും ചിരിയും നിറഞ്ഞ മുഖഭാവത്തിൽ അവളുടെ നീരസം എല്ലാം അലിഞ്ഞില്ലാതായി. അവൻ പാത്രങ്ങൾ ഓരോന്നും കഴുകി വൃത്തിയാക്കി ഓരോന്നും അതാത് സ്ഥലങ്ങളിൽ അടുക്കി വെക്കുന്നതും നോക്കി ഒരു പുഞ്ചിരിയോടെ അവൾ നിന്നു. അവളുടെ ആ ചിരിയും നോട്ടവും കണ്ട് അവൻ "എന്തേ നോക്കുന്നത്?" 
"ഏയ് ഒന്നും ഇല്ല്യ" എന്ന് തലയാട്ടി ചിരിച്ചു കൊണ്ടവൾ പറഞ്ഞു. 
"ആ എന്നാൽ ഒന്നും ഇല്ലെങ്കിൽ എന്റെ വാവാച്ചി ഇങ്ങു വാ." എന്നും പറഞ്ഞവൻ അവളുടെ തോളിൽ കൈ കോർത്തു വെച്ച് രണ്ടുപേരും ഒരുമിച്ച് ടേബിളിനരികിലേക്ക് നടന്നു. അവൻ അവളെ അതിനടുത്തിരുന്ന കസേരയിൽ ഇരുത്തി അവൻ മുറിയിലേക്ക് പോയി തിരിച്ച് വന്നു. അവൾക്കഭിമുഖമായി ടേബിളിനരികിൽ ഒരു കസേരയിൽ അവനും ഇരുന്നു. ടേബിളിലിരുന്ന അവന്റെ ബാഗ് അടുത്തേക്ക് നീക്കി അവൻ അതിൽ നിന്നൊരു ചെറിയ പൊതി എടുത്തു അവളുടെ മുഖത്തിന് നേരെ കാണിച്ചു. "ടക ടകാ.." 
"ഇതെന്താ?" അവന്റെ ആ താളം കേട്ട് അവൾ ചോദിച്ചു. 
"എന്റെ വാവച്ചി ഇന്നലെ ഉന്നക്കായ ഉണ്ടാക്കുമ്പോൾ പൊള്ളിയ കയ്യിലെ മുറിവുണങ്ങാനുള്ള ഓയിന്റ്മെന്റ്!". അവന്റെയാ സ്നേഹ മൊഴികൾ കേട്ടവളുടെ മുഖത്ത് ഒരു നേരിയ കുറ്റബോധം നിഴലിച്ചു. "ഷാഫിക്കാ, എന്നോട് ദേഷ്യം ഉണ്ടോ? ഞാൻ കത്തിൽ ഇക്കാനെ കുറ്റപ്പെടുത്തി ഓരോന്നും എഴുതിയതിന്. എന്നോട് ക്ഷമിക്കണം, ഞാൻ എന്റെ അപ്പഴത്തെ സങ്കടം കൊണ്ട് എന്റെ ഷാഫിക്കാനെ മനസ്സിലാക്കാതെ ഓരോന്ന് എഴുതിയതാ. സോറി." അത് പറഞ്ഞു തീരുമ്പഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 
"ദേ പെണ്ണേ, കരയാനാണ് ഭാവം എങ്കിൽ ഞാൻ ഇപ്പോൾ എന്റെ ഫോൺ എടുത്ത് തോണ്ടിക്കൊണ്ടിരിക്കും. അത് വേണോ? എന്റെ വാവാച്ചീ, നിന്റെ സങ്കടങ്ങൾ കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്. അപ്പോൾ അത് നീ എന്നോട് തന്നെ അല്ലേ പറയേണ്ടത്. എങ്കിലല്ലേ എനിക്കെന്റെ വാവാച്ചിയെ പൂർണ്ണമായി മനസ്സിലാക്കി സ്നേഹിക്കാൻ കഴിയൂ. ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലെങ്കിൽ പിന്നെ ജീവിതം എന്തിനു കൊള്ളാമെടി മണ്ടൂസെ." എന്നും പറഞ്ഞ് അവളെ നോക്കി ചിരിച്ചു കൊണ്ട് അവൻ അവളുടെ കണ്ണുകൾ മെല്ലെ തുടച്ചു കൊടുത്തു. അവന്റെ ആ സ്നേഹ മധുരിമയേറിയ വാക്കുകളും നോട്ടങ്ങളും കൊണ്ടവളുടെ മനസ് നിറഞ്ഞ് അത് അവളുടെ മുഖത്ത് പുഞ്ചിരിയായി പ്രതിഫലിച്ചു. 
"ഇനി എന്റെ വാവാച്ചി ആ കൈ ഒന്നു കാണിച്ചേ. ഇക്ക ഈ മരുന്ന് പുരട്ടി കെട്ടിത്തരാം." അവൾ ആ നിറഞ്ഞ പുഞ്ചിരിയോടെ തന്നെ തന്റെ കൈവിരലിനെ അവനു നേരെ നീട്ടി. 
"അല്ലെങ്കിലും നയത്തിലൂടെ ശാസിച്ച് അനുസരിപ്പിക്കുന്ന എന്റെ ഉപ്പാന്റെ അതേ സ്വഭാവം തന്നെയാ ഷാഫിക്കാക്കും." 
"ഹ ഹ ഹ.. ഇനി നിന്റെ ഉപ്പാന്റെ ആ കഷണ്ടിത്തല കൂടി എനിക്കുണ്ടെന്ന് നീ പറയുമോടി വാവാച്ചി." 
"ദേ ഷാഫിക്ക!" അവന്റെ കളി നിറഞ്ഞ സംസാരം ഓർത്ത് പിന്നെ അവളും ചിരിച്ചു. അവനു നേരെ നീട്ടിയ വിരലുകളെ അവൻ ഒരു വെള്ളത്തുണിക്കഷ്ണം എടുത്ത് മുറിവിലെ ഈർപ്പം തുടച്ചെടുത്തു കൊണ്ടിരുന്നു. "ആഹ്!" അതിനിടയിൽ പെട്ടെന്നവൾ കൈ പുറകിലേക്ക് വലിച്ചു. 
"എന്ത് പറ്റി വാവാച്ചി, നീറ്റലുണ്ടോ?" 
"ഉം" അവൻ അവളുടെ ആ കൈ വീണ്ടും മുന്നിലേക്ക് പതിയെ വലിച്ചു. 
"സാരല്യ, ഇനി എന്റെ വാവച്ചിയെ ഈ ഇക്ക വേദനിപ്പിക്കില്ല. ഈ നീറ്റൽ ഇപ്പോൾ പോവും." അവൻ ആ വിരൽ അവന്റെ വായോട് അടുപ്പിച്ച്, അവളുടെ കണ്ണുകളിലേക്ക് മാത്രം നോക്കി പതിയെ വിരലിലെ ആ മുറിവിലേക്ക് ഊതി. അവന്റെ മൃതു നിശ്വാസത്തിന്റെ കുളിർക്കാറ്റേറ്റ് പതിയെ അവളുടെ രണ്ട് കണ്ണുകളുമടഞ്ഞു. 
"ഇപ്പോൾ നീറ്റൽ കുറവുണ്ടോ വാവാച്ചി?" 
"ഉം" അടഞ്ഞ അവളുടെ കണ്ണുകളിൽ നിന്നും ഇമവെട്ടാതെ അവളെ നോക്കി പുഞ്ചിരിച്ച് അവൻ പതിയെ മുറിവിൽ മരുന്നു പുരട്ടി. പിന്നെ ഒരു തുണി കഷ്ണം കൊണ്ട് അതിനെ പൊതിഞ്ഞു കെട്ടി വെച്ചു. 
"നീറ്റൽ പോയോ വാവാച്ചി?" അവളുടെ അടഞ്ഞ കണ്ണുകളെ നോക്കിക്കൊണ്ട് ഒരു കള്ളച്ചിരിയോടെ ആ കൈ അവന്റെ ഉള്ളം കയ്യിലെടുത്ത് മൃദുവായി തടവിക്കൊണ്ട് തന്നെ ചോദിച്ചു. 
"ഉം" 
"എങ്കിൽ വാവാച്ചി കണ്ണ് തുറക്കല്ലേ, ഇക്ക ഒരു സൂത്രം കാണിക്കാവെ." 
"ഉം" അങ്ങനെ നമ്മുടെ കഥാനായകൻ നമ്മുടെ കഥാനായികയുടെ അടഞ്ഞ മിഴികളിൽ ഇമവെട്ടാതെ നോക്കിക്കൊണ്ട് അവളുടെ കൈ പതിയെ മൃദുവായി തടവിക്കൊണ്ട് തന്റെ ചുണ്ടുകൾക്ക് അടുത്തേക്ക് പതിയെ അടുപ്പിച്ചതും, "കി.. കീ.. കികീ.., കി കീ....." 
"ദേ ഇക്കാ.. ഉമ്മറത്ത് ആരോ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഒരു ബൈക്കിന്റെ ഹോൺ കേൾക്കുന്നു." പെട്ടെന്ന് അവൾ തന്റെ കൈ അവനിൽ നിന്നും പിറകിലേക്ക് വലിച്ച് കൊണ്ട് പറഞ്ഞു. അപ്പോഴാണ് രണ്ടുപേരും സ്ഥലകാല ബോധം വീണ്ടെടുത്തത്. 
"നാശം! ആരാ ഈ നേരത്ത്?" 
"ഹ ഹ ഹ.. ഹ ഹ ഹ...." അവന്റെ നിരാശയും നീരസവും നിറഞ്ഞ മുഖഭാവം കണ്ട് അവൾ പൊട്ടി പൊട്ടി ചിരിച്ചോണ്ടിരുന്നു. 
"നീ ചിരിക്കെടി ചിരിക്ക്.. കള്ളി കത്തെഴുത്തുകാരി വാവാച്ചീ." 
"ഹ ഹ ഹ.. ഹ ഹ ഹ.." അപ്പോഴാണ് അവൾ കയ്യിലെ മുറിവിൽ അവൻ കെട്ടിക്കൊടുത്ത കെട്ടിനെ നോക്കിയത്. 
"ഇതെന്താ ഷാഫിക്ക, എന്റെ വിരലിൽ കോഴിമൊട്ടയുടെ തോട് കമഴ്ത്തി വെച്ചതാണോ?" 
"ആ ഇനി ഇപ്പോൾ അത് പറഞ്ഞോ, എന്റെ ഒരു ഡബിൾ മുണ്ട് ചീന്തിയാ മുറിവ് കെട്ടാൻ ഞാൻ തുണിക്കഷ്ണം എടുത്തത്." 
"എന്നാലും എന്റെ പാവം വിരലിനോട് ഇത്രേം വലിയ ദുഷ്ടത്തരം ചെയ്യണോയ്ന്ന ഷാഫിക്ക?" 
"ദുഷ്ടത്തരം ചെയ്തത് നിന്റെ ഉപ്പാന്റെ മരുമോന്റെ കെട്യോൾ." 
"ഷാഫിക്കാ...." 
"ഹ ഹ ഹ ... അപ്പോൾ എന്റെ വാവച്ചിടെ തലയിലെ ട്യൂബ് ലൈറ്റ് ഫ്യൂസ് ആയിട്ടില്ല ലെ." അവനെ നോക്കി ചിണുങ്ങി ഇരിക്കുന്ന അവളുടെ തലക്കൊരു ചെറിയ കൊട്ടു കൊടുത്തുകൊണ്ട് അവൻ പറഞ്ഞു. 
"ഹും! വല്യ കാര്യായി പോയി. ഇരുന്ന് കിന്നരിക്കാതെ ആരാ വന്നതെന്ന് പോയി നോക്ക് ഇക്ക." 
"ഉത്തരവ് മഹാറാണി വാവാച്ചി." എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് അവളുടെ മുന്നിൽ കളിയായി കൈ വണങ്ങി എണീറ്റ് പോയ അവൻ തുറന്ന് കിടന്നിരുന്ന ഉമ്മറ വാതിലിലൂടെ പുറത്തേക്ക് നോക്കി. 
"എന്റെ വാവാച്ചീ.., അത് നമ്മുടെ വീട്ടിലേക്ക് ആരും വന്നതൊന്നും അല്ലായിരുന്നു. അത് നമ്മുടെ നേരെ മുന്നിലുള്ള വീട്ടിലെ ഗേറ്റിനു മുന്നിൽ ബൈക്കിലിരുന്ന് ആ അച്ചായൻ അയാളുടെ ബീവി ഗേറ്റ് തുറന്ന് കൊടുക്കാൻ വേണ്ടി ഹോൺ അടിക്കുന്നതാ." 
"സോറി ഇക്ക." 
"ഉം അത് സാരല്യ. ആ പെമ്പറന്നോള് ആ ഗേറ്റ് ഒന്ന് വേഗം തുറന്ന് കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ വല്ലോം ഉണ്ടാവുമായിരുന്നോ. അതിനെങ്ങനാ കണ്ടവരുമായിട്ട് കമന്റി ഇരിക്കുവായിരിക്കും. അച്ചെങ്ങായിക്ക് ഹോൺ അടിക്കുന്നതിന് പകരം 'ബ ബ ബ..' എന്ന് അകത്തോട്ട് നോക്കി വിളിച്ചാൽ മതിയായിരുന്നു. എങ്കിലാ അനിയൻ ചെക്കൻ വല്ല പിടകളും ആണെന്ന് കരുതിയെങ്കിലും അകത്ത് നിന്ന് ചാടി എണീറ്റ് പുറത്ത് വന്നേനെ." 
"ഹ ഹ ഹ.. എന്റെ പൊന്നാര ഷാഫിക്ക, അവരെ ഇങ്ങനെ നിന്ന് ട്രോളാതെ ആ കതകടച്ചിങ് പോന്നേക്ക്." നമ്മുടെ കഥാനായകന്റെ രോഷവും അമർഷവും നിലക്കാതായപ്പോൾ കഥാനായിക അനുനയിപ്പിക്കാൻ ശ്രമിച്ചോണ്ടിരുന്നെങ്കിലും അവന്റെ നിഷ്കളങ്ക ഭാവം അവളിൽ ചിരി നിലനിർത്തിക്കൊണ്ടിരുന്നു. 
"അതാ നല്ലത്." എന്നും പറഞ്ഞ് അവൻ കതകടച്ചു കുറ്റിയിട്ടു.
'ഇത്താ... ഇത്താ..' "എന്റെ റബ്ബേ, ഇനിയാരാ അടുക്കള വാതിലിൽ വന്ന് മുട്ടി വിളിക്കുന്നത്?" 
"നമ്മുടെ മോള് ഉച്ചയ്ക്ക് ഉറക്കാൻ കിടത്തിയിടത്ത് നിന്ന് ആദിചേച്ചിയുടെ അടുത്തേക്ക് പോവുകയാണെന്നും പറഞ്ഞ് ഇവിടുന്ന് ഇറങ്ങിയോടിയതായിരുന്നു. ആദി നമ്മുടെ മോളെ കൊണ്ടു വന്നാക്കാൻ വന്നതാവും. ഞാൻ ആ കതക് തുറന്ന് കൊടുത്ത് നിങ്ങടെ അനിയത്തിക്ക് ആരോഗ്യ പ്രശ്നം ഉണ്ടാക്കാൻ ആ ഉന്നക്കായയും എടുത്ത് കൊടുത്തിട്ട് വരാം." അവൾ അവനെ കിട്ടിയ അവസരം പ്രയോജനപ്പെടുത്തി വീണ്ടും കളിയാക്കി ചിരിച്ചു. 
"ശവത്തിൽ കുത്താതെടി. എന്നാലും അതല്ല വാവാച്ചി, ഇവിടെ ഇത്രയും കട്ടുറുമ്പുകൾ ഉണ്ടെന്ന് ഞാൻ ഇന്നാടി അറിയുന്നത്." അവൻ തലയിൽ കയ്യും വെച്ച് സോഫയിൽ ഒറ്റയിരിപ്പ് ഇരുന്നു. 
"ഹ ഹ ഹ.. ഹ ഹ ഹ.. ഇനി അതും ആലോചിച്ച് ഇരിക്കാണോ? കുളിക്കുന്നില്ലേ?" 
"ശരിയാടി! ഇനി അത് ആലോചിച്ചിട്ട് എന്തിനാ. വരാനുള്ള ആദിയും അച്ചായനും ഒന്നും വഴിയിൽ തങ്ങിയില്ലല്ലോ! കുളിച്ചിട്ടു വരാം. എന്റെ വാവാച്ചി പോവുമ്പോൾ ആ എഫ്.എം ഒന്ന് ഓൺ ചെയ്തിട്ട് പൊയ്ക്കോ. ഇനി പുറത്ത് നിന്ന് ഒരു ശബ്ദം വീടിനകത്ത് ഇന്ന് കേട്ടുപോവരുത്." 
"ഹ ഹ ഹ.." "നിന്ന് ചിരിക്കാതെ പോയി മോൾക്ക് കതക് തുറന്ന് കൊടുക്കെടി മണ്ടൂസ് വാവാച്ചീ." എന്നും പറഞ്ഞ് കൗശലത്തിൽ അവൾക്കൊരു ഫ്ലയിങ് കിസ്സ് ഒക്കെ പറത്തി വിട്ടുകൊടുത്ത് അവളത് കഷ്ടപ്പെട്ട് എത്തിപ്പിടിച്ചതും നോക്കി നിന്ന് പ്രസന്ന വദനനായി നമ്മുടെ കഥാനായകൻ കുളിക്കാൻ പോയി. നാണം കൊണ്ട് മുഖം തുടുത്ത നമ്മുടെ കഥാനായികയാണെങ്കിൽ റേഡിയോ ഓൺ ചെയ്ത് മുഖത്ത് ഒരു കള്ളച്ചിരിയും വരുത്തി അടുക്കളയിലേക്കും പോയി. വാതിൽ തുറന്ന് മോളെ അകത്ത് കയറ്റി, ആദിക്ക് ഉന്നക്കായയും എടുത്ത് കൊടുത്ത് രണ്ടു കുശലാന്വേഷണങ്ങൾ എല്ലാം പരസ്പരം പങ്കുവെച്ച് പിന്നെ യാത്ര പറഞ്ഞ് അടുക്കള വാതിലടച്ച് കുറ്റിയിട്ടു. അങ്ങനെ യേശുദാസിന്റെ ആലാപന സൗകുമാര്യത്തോടൊപ്പം ആ കതകും നമുക്ക് മുന്നിൽ അടഞ്ഞിരിക്കുകയാണ് ചെങ്ങായിമാരേ.. അടഞ്ഞിരിക്കുകയാണ്.!
'ഹൃദയം കൊണ്ടെഴുതുന്ന കവിത.. 
പ്രണയാമൃതം അതിൻ ഭാഷ.. 
അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ.. 
അക്ഷരത്തെറ്റു വരുത്താതിരുന്നാൽ.. 
അത് മഹാകാവ്യം..
ദാമ്പത്യം ഒരു മഹാ കാവ്യം!'

അല്ല ചെങ്ങായിമാരെ ഇനി എന്ത് കാണാൻ നിക്കാണ്, മൂപ്പരും മൂപ്പത്തിയും വാതിലടച്ചു കുറ്റിയിട്ടത് കണ്ടീലെ.. ഇനിയെങ്കിലും ഒളിഞ്ഞുനോക്കാതെ അവനാന്റെ കുടീല് പൊയ്ക്കാണീ.. നമ്മള് വണ്ടി വിട്ട് ട്ട.. പിന്നെ ഒരു കാര്യം, പോണ പോക്കിൽ കണ്ടോൻറെ പെരേലൊന്നും എത്തിപ്പാളി നോക്കാണ്ട് അവനാന്റെ കുടീൽക്ക് തന്നെ പോണേ.. പറഞ്ഞത് മനസ്സിലായീലെ കുട്ട്യോളേ.. GO TO UR HOUSES..!
ശുഭം.!



സൗദ ബിൻത് ബഷീർ

No comments:

Post a Comment