SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Tuesday 5 February 2013

നഷ്ടനൊമ്പരങ്ങള്‍

എല്ലാം തീരുമാനിച്ചുറച്ചാണ് അന്ന് വീട്ടിലെത്തിയത്. ഒരുമിച്ചിരുന്നു അത്താഴം കഴിച്ചെന്നു വരുത്തിയതിനു ശേഷം അവളുടെ കരം കവര്‍ന്നു. ഏറെ നാള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു സ്പര്‍ശം പോലും. സ്വരത്തില്‍ കഴിയുന്നത്ര നിര്‍വികാരത വരുത്തി, താന്‍ വിവാഹമോചനം ആഗ്രഹിക്കുന്നു എന്ന കാര്യം എങ്ങനെയോ പറഞ്ഞൊപ്പിച്ചു. എന്നാല്‍ അവളുടെ പ്രതികരണം ആശ്ചാര്യമുളവാക്കും വിധം ശാന്തമായിരുന്നു. ‘എന്താണ് കാര്യം?!’ എന്ന് മൃദുവായി തിരിച്ചു ചോദിക്കുക മാത്രമാണ് അവള്‍ ചെയ്തത്.

ആ ചോദ്യം അവഗണിച്ചത് പക്ഷേ, അവളെ കോപാകുലയാക്കി. കൈയിലുണ്ടായിരുന്ന തവി വലിച്ചെറിഞ്ഞ് അവള്‍ ഉച്ചത്തില്‍ അലറി, ‘നിങ്ങള്‍ ഒരാണല്ല!’

പിന്നീട് ആ രാത്രി ഞങ്ങള്‍ ഒന്നും തന്നെ സംസാരിച്ചില്ല. അവള്‍ വിതുമ്പുന്നുണ്ടായിരുന്നു. തങ്ങളുടെ ദാമ്പത്യത്തിന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ന്യായമായ അവകാശം അവള്‍ക്കുണ്ട്. എനിക്ക് പക്ഷേ, തൃപ്തികരമായ ഒരുത്തരം നല്‍കാന്‍ കഴിയുമായിരുന്നില്ലല്ലോ!, കാലം ഉള്ളിലെവിടെയോ മുളപ്പിച്ച വിരസതകള്‍ക്കിടയില്‍ എപ്പോഴോ കടന്നുവന്ന് മനം കവര്‍ന്ന റീനയെന്ന ചുറുചുറുക്കാര്‍ന്ന പെണ്ണിന് ഹൃദയം തീറു നല്‍കിപ്പോയെന്നും ഇനിയവള്‍ മതി എന്റെ ജീവിതം പങ്കിടാന്‍ എന്നും അവളോട് പറയാനൊക്കില്ലല്ലോ. ഇന്ന് ഇവള്‍ക്കായി ഒരിറ്റ് സ്‌നേഹം പോലും ഈ ഹൃദയത്തിലില്ല. അല്പം സഹതാപം മാത്രമുണ്ട് ബാക്കി.

ഉള്ളില്‍ നുരയും കുറ്റബോധത്തോടെ തന്നെ, ഒരു വിവാഹമോചന ഉടമ്പടി എഴുതിയുണ്ടാക്കി. വീടും കാറും, ആസ്തിവകകളുടെ നാലിലൊന്നും അവള്‍ക്ക്. അവളത് ഒന്നോടിച്ചു നോക്കി, അപ്പോള്‍ തന്നെ തുണ്ട് തുണ്ടായി കീറിക്കളഞ്ഞു. എന്നോടൊപ്പം പത്തു വര്‍ഷം ജീവിച്ചോരാള്‍ ഇന്ന് കേവലം അന്യയാണ്, തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്ക് അവള്‍ എനിക്കായി കളഞ്ഞല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. പക്ഷേ ഇനിയൊരു തിരിഞ്ഞുനടത്തം, വയ്യ!

ഒടുക്കം അവള്‍ ഉറക്കെയുറക്കെ കരഞ്ഞു; ഞാനത് പ്രതീക്ഷിച്ചതായിരുന്നു. ആ നിമിഷം ആശ്വാസമാണ് അനുഭവപ്പെട്ടത്; ആഴ്ചകളോളമായി ഇക്കാര്യം എങ്ങനെയാണ് ഒന്നവതരിപ്പിക്കുകയെന്ന് വിമ്മിട്ടപ്പെടുകയായിരുന്നല്ലോ ഞാന്‍…

അടുത്ത ദിവസം രാത്രി ഏറെ വൈകി വീട്ടിലെത്തിയപ്പോള്‍ അവള്‍ എന്തോ കുത്തിക്കുറിക്കുകയായിരുന്നു. ഞാന്‍ നേരെ കിടക്കയിലേക്ക് വെച്ച് പിടിച്ചു. റീനയുമൊത്തുള്ള ഉല്ലാസഭരിതമായ ആ സായാഹ്നം ക്ഷീണിതനാക്കിയത് കൊണ്ടാകാം പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു. ഇടയ്‌ക്കെപ്പോഴോ ഉണര്‍ന്നപ്പോഴും അവള്‍ മേശക്കരികില്‍ എഴുതിക്കൊണ്ടിരിക്കുക തന്നെയായിരുന്നു; ഞാനത് ശ്രദ്ധിക്കാതെ വീണ്ടും ഗാഡനിദ്രയിലാണ്ടു.

രാവിലെ എനിക്കവള്‍ ‘വിവാഹമോചന നിബന്ധനകള്‍’ സമര്‍പ്പിച്ചു. പണവും ദ്രവ്യവുമൊന്നും വേണ്ട. പകരം, ഒരു മാസത്തെ ‘നോട്ടീസ് പിരീഡ്’ അനുവദിക്കണം. ആ ഒരുമാസം ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നു വരുത്തിത്തീര്‍ക്കും വിധം ‘സാധാരണ’ജീവിതം നയിക്കണം. കാരണമുണ്ട്; ഒരു മാസത്തിനിടയില്‍ മകന്റെ പരീക്ഷ വന്നുപോകും. അതിനിടയിലൊരു വഴിപിരിയല്‍ അവനെ ബാധിക്കരുത്. ഇതെനിക്കും സമ്മതമായിരുന്നു. പക്ഷേ വിചിത്രമായ മറ്റൊരാവശ്യം കൂടി അവള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ഒരു മാസം എന്നും രാവിലെ ഞാനവളെ കൈയിലെടുത്ത് കിടപ്പറയില്‍ നിന്നും പൂമുഖവാതില്‍ക്കല്‍ വരെ കൊണ്ടാക്കണം.

’ഇവള്‍ക്കെന്താ വട്ടായോ’ എന്ന തോന്നലോടെയെങ്കിലും, ഒന്നിച്ചുള്ള അവസാന ദിനങ്ങള്‍ നല്ല രീതിയില്‍ പര്യവസാനിപ്പിക്കാനായി ഉപാധികള്‍ ഞാന്‍ അംഗീകരിച്ചു. ഇതേക്കുറിച്ച് റീനയോടു പറഞ്ഞപ്പോള്‍ അസംബന്ധം എന്നവള്‍ ആര്‍ത്ത് ചിരിച്ചു; ‘എന്ത് സൂത്രങ്ങള്‍ പ്രയോഗിച്ചാലും വിവാഹമോചനം എന്ന തലവിധി അവള്‍ക്ക് മാറ്റാനാകില്ലല്ലോ!’ എന്ന് പുച്ഛത്തോടെ മൊഴിയുകയും ചെയ്തു.

ഏറെനാളായി ശാരീരികസ്പര്‍ശം ഇല്ലാഞ്ഞത് കൊണ്ടാകണം ആദ്യദിനം അവളെ കൈയിലെടുത്തപ്പോള്‍ രണ്ടാള്‍ക്കും അതൊരു വൃത്തികേട് പോലെ അനുഭവപ്പെട്ടത്… ‘പപ്പ മമ്മിയെ കൈയിലെടുത്തേ!’ എന്ന് മകന്‍ ആര്‍ത്തു വിളിച്ചപ്പോള്‍ ഉള്ളിലെവിടെയോ കൊളുത്തി വലിച്ചത് പോലെ… കിടപ്പറയില്‍ നിന്ന് വാതില്‍ക്കലോളം ഏതാണ്ട് പത്തു വാര ഞാനവളെ കൈയിലേന്തി നടന്നു. കണ്ണുകള്‍ അടച്ച് അവള്‍ മന്ത്രിച്ചു; ‘മകനോട് വിവാഹമോചനക്കാര്യം പറയരുത്!’ തലകുലുക്കുമ്പോള്‍, അറിയാതെ അസ്വസ്ഥനായത് ഞാന്‍ തിരിച്ചറിഞ്ഞു.

രണ്ടാം നാള്‍ കുറച്ചൂടെ ലാഘവം തോന്നി, രണ്ടാള്‍ക്കും. അവള്‍ നെഞ്ചിലേക്ക് ചാരിയപ്പോള്‍ ബ്ലൗസിന്റെ സുഗന്ധം എന്റെ മൂക്കിലേക്കടിച്ചു കയറി. അപ്പോഴാണ് ഞാനീ പെണ്ണിനെ ഏറെക്കാലമായി അടുത്ത് നിന്ന് നിരീക്ഷിച്ചു പോലുമില്ലല്ലോ എന്നോര്‍ത്തത്. യുവത്വം അവളെ വിട്ടുപിരിയുകയാണ്. കവിളില്‍ ചുളിവുകളും മുടിയിഴകളില്‍ നരയും കയ്യേറ്റം തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ദാമ്പത്യത്തിനു അവള്‍ കൊടുത്ത വില. ഒരു നിമിഷം എന്താണ് ഞാനവളോട് ചെയ്തത് എന്ന് ഞാന്‍ സ്വയം ആശ്ചര്യപ്പെട്ടു.

നാലാം നാള്‍, ഞാനവളെ ഉയര്‍ത്തിയപ്പോള്‍ ഏതോ ഒരടുപ്പം തിരിച്ചു വരുന്ന പോലെ അനുഭവപ്പെട്ടു. തന്റെ പത്തു വര്‍ഷങ്ങള്‍ എനിക്കായി അര്‍പ്പിച്ചവള്‍ ആണിത്!, പിന്നെയുള്ള നാളുകളില്‍ ആ അടുപ്പം കൂടി വരുന്നത് പോലെ തോന്നിയെങ്കിലും അതെക്കുറിച്ച് റീനയോടു പറഞ്ഞില്ല. ഒരു മാസം അടുത്ത് വരവേ, അവളെ ഉയര്‍ത്തുക എന്നത് തീരെ അനായാസകരമായി തോന്നി. ഈ ദൈനംദിന വ്യായാമം എന്റെ സ്റ്റാമിന വര്‍ധിപ്പിച്ചിരിക്കണം!

ഒരു നാള്‍ രാവിലെ, എന്താണ് ധരിക്കേണ്ടത് എന്നവള്‍ തിരയുകയാണ്. കുറെയെണ്ണം വെച്ച് നോക്കി തൃപ്തിയാകാതെ, ‘എന്റെ വസ്ത്രങ്ങളൊക്കെ വലുതായിപ്പോയല്ലോ!’ എന്നവള്‍ നെടുവീര്‍പ്പിട്ടു. അപ്പോഴാണ് അവള്‍ എന്ത് മാത്രം മെലിഞ്ഞിരിക്കുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞത്; അതുകൊണ്ടായിരുന്നു ആയാസരഹിതമായി എനിക്കവളെ പൊക്കാന്‍ കഴിഞ്ഞത്. പെട്ടെന്ന് അകതാരില്‍ എവിടെയോ ഒരാന്തല്‍!, അവള്‍ എന്തുമാത്രം വേദനയും കയ്പുനീരും ഉള്ളില്‍ അടക്കിയിട്ടുണ്ടാകണം!!, അര്‍ദ്ധബോധത്തില്‍ ഞാനവളുടെ തലയില്‍ തൊട്ടു.

അപ്പോഴാണ് മോന്‍ ഉള്ളിലെത്തുന്നത്: ‘പപ്പാ, മമ്മയെ പുറത്തു കൊണ്ട് പോകാന്‍ സമയമായല്ലോ!’ ഈയിടെയായി അവനതു കാണുന്നത് ജീവിതചര്യയായി മാറിയിട്ടുണ്ട്. ആംഗ്യത്തിലൂടെ മോനെ അടുത്തേക്ക് വിളിച്ചു അവള്‍ അവനെ ആഞ്ഞുപുണര്‍ന്നു. ഞാന്‍ മുഖം തിരിച്ചു കളഞ്ഞു; ഈയവസാന നിമിഷത്തില്‍ മനസ്സ് പതറരുത് എന്ന കരുതലോടെ. പിന്നെ ഞാനവളെ കൈകളില്‍ എടുത്തു സ്വീകരണ മുറിയിലൂടെ പുറം വാതിലിലേക്ക് നടന്നു. അവളുടെ കൈകള്‍ മൃദുവായി, എന്നാല്‍ സ്വാഭാവികമായി എന്റെ കഴുത്തില്‍ ചുറ്റി. ഞാനവളുടെ ശരീരം മുറുകെ പിടിച്ചു; ഞങ്ങളുടെ വിവാഹദിനത്തിലേത് പോലെ, അവളുടെ തീര്‍ത്തും ലോലമായ ഭാരം പക്ഷേ എന്നെ സങ്കടപ്പെടുത്തി.

അങ്ങനെ കരാറ് പ്രകാരമുള്ള ഒടുവിലത്തെ ദിനം വന്നെത്തി. അവളെ കൈയിലെടുത്തപ്പോള്‍ ഒരു ചുവടു പോലും മുന്നോട്ട് വയ്ക്കാന്‍ കഴിയാതെ ഞാന്‍ നിസ്സഹായനായിപ്പോയി. മോന്‍ സ്‌കൂളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ഞാനവളെ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു, നമ്മുടെ ജീവിതത്തില്‍ ഇഴയടുപ്പം നഷ്ടപ്പെടുന്നത് ഞാന്‍ തിരിച്ചറിഞ്ഞില്ലല്ലോ!, അപ്പോള്‍ തന്നെ വണ്ടിയെടുത്ത് പറപ്പിച്ചു വിട്ടു; താമസിച്ചാല്‍ ഇനിയും മനസ്സ് മാറുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ ഞാന്‍ റീനയുടെ മുമ്പിലാണ്: ‘സോറി റീന, എനിക്ക് അവളില്‍ നിന്ന് വിവാഹമോചനം വേണ്ട!’

ആശ്ചര്യത്തോടെ എന്നെ സൂക്ഷിച്ചു നോക്കി, നെറ്റിയില്‍ കൈവെച്ച് അവള്‍ ചോദിച്ചു, ‘എന്ത് പറ്റി സജി? പനിയുണ്ടോ?!’ അവളുടെ കൈ മെല്ലെ അടര്‍ത്തി മാറ്റി ഞാന്‍ പറഞ്ഞു: റീന ക്ഷമിക്കണം, എനിക്കവളെ ഉപേക്ഷിക്കാന്‍ വയ്യ!. ഞങ്ങളുടെ ദാമ്പത്യം വിരസമായത് സ്‌നേഹം ഇല്ലാഞ്ഞിട്ടല്ല, ജീവിതത്തിന്റെ ഉള്ളറകളിലേക്ക് പരസ്പരം കടന്നു ചെല്ലാഞ്ഞത് കൊണ്ടായിരുന്നു എന്ന് വൈകി മാത്രമാണ് എനിക്ക് ബോധ്യമായത്; മരണം വരേയ്ക്കും ചേര്‍ത്ത് പിടിക്കാന്‍ വേണ്ടിയായിരുന്നു വിവാഹനാളില്‍ അവളുടെ കരം ഗ്രഹിച്ചത് എന്നും!’

അപ്പോഴാകണം ശരിക്കും എന്താണ് സംഭവിച്ചത് എന്നവള്‍ക്ക് മനസ്സിലായിരിക്കുക. എന്റെ മുഖത്തേക്ക് ആഞ്ഞടിച്ച്, എന്നെ വെളിയിലേക്ക് തള്ളി, വാതില്‍ കൊട്ടിയടച്ച് അവള്‍ പൊട്ടിക്കരഞ്ഞു. കാര്‍ ചെന്നെത്തി നിന്നത് ഒരു പൂക്കടയിലാണ്. എന്റെ പ്രിയതമക്കായി ഒരു ബൊക്കെ വാങ്ങിച്ച് കൂടെയുള്ള കാര്‍ഡില്‍ ഇങ്ങനെ കുറിച്ചു; ‘പ്രിയേ, ഇനിയുള്ള പ്രഭാതങ്ങളിലും ഞാന്‍ നിന്നെ കൈകളിലേന്തി നടക്കും, മരണം നമ്മെ വഴിപിരിക്കുവോളം…’

കൈയില്‍ പൂക്കളും ചുണ്ടില്‍ ഇളം ചിരിയും മൂളിപ്പാട്ടുമായി വൈകിട്ട് വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് അവളുടെ ചേതനയറ്റ ശരീരമായിരുന്നു. മാസങ്ങളായി ഒരു മാറാരോഗത്തോട് പൊരുതുകയായിരുന്നു അവള്‍, ആരെയും അറിയിക്കാതെ. ഞാനാകട്ടെ റീനയുമൊത്തുള്ള പ്രണയകാലം ആസ്വദിക്കുന്ന തിരക്കിലുമായിരുന്നല്ലോ. താമസിയാതെ താന്‍ മരിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന അവള്‍, മകന്റെ മുന്നില്‍ എന്നെ കുറ്റവാളിയാക്കരുത് എന്ന് കരുതി മാത്രമാണ് ഒരു മാസത്തെ ‘നോട്ടീസ് പിരീഡും’ അത്രയും നാള്‍ കൈകളില്‍ എടുത്തു നടക്കാനും ഉപാധി വെച്ചത്. കുറഞ്ഞത് മകന്റെ കണ്ണുകളിലെങ്കിലും ഞാനൊരു സ്‌നേഹനിധിയായ ഭര്‍ത്താവായി തുടരട്ടെ എന്നായിരുന്നു അവള്‍ ചിന്തിച്ചത്…..
------
 

ഇംഗ്ലീഷ് സൃഷ്ടിയുടെ പരിഭാഷ...

Wednesday 9 January 2013

ലോലമാം മനസ്

ആര്‍ക്കൊക്കെയോ വേണ്ടി കരഞ്ഞു..
ഇന്നും കരയുന്നു...
ആര്‍ക്കും ഞാന്‍ ആരുമല്ലെന്നറിഞ്ഞും..!
എന്തിനു വേണ്ടി? അറിയില്ല.!
എങ്കിലും എനിക്കിന്നൊന്നറിയാം...
മനസ് തുറന്ന് സ്നേഹിക്കാനറിയുന്ന
ലോല മനസുകള്‍ ആ സ്നേഹത്തോടൊപ്പം
മനം നൊന്തു കരയാനും പഠിക്കുന്നു..!

മൃത്യു

എന്‍ വ്യഥകളുമെന്‍ ആനന്ദവും
ഞാനെന്ന എന്‍ പേന തുമ്പിനാല്‍
എന്‍ സുഹ്രുത്താമൊരു കടലാസില്‍
കുറിച്ചിടുമ്പോള്‍ ഭ്രാന്തെടുക്കാതെ
ഞാനിന്നാശ്വസിക്കുന്നെന്‍ നിരാശയില്‍..
എങ്കിലുമാ സമയങ്ങളിലൊക്കെയുമൊരു
സ്വയംവര പന്തലിലിരിക്കുമൊരു
ആഡിയനാം മണവാളനെന്ന പോല്‍
സ്വപ്നങ്ങള്‍ നഷ്ടമാം ജീവിതം
മൃതിയേക്കാള്‍ ഭയാനകമെന്ന
വശീകരണ മന്ത്രവുമായെനിക്കു നേര്‍
എന്‍ വരണമാല്യമവനിലണിയിക്കാനായ്
കണ്‍ കോണെറിയുന്നെന്‍ മൃത്യുവാം കാമുകന്‍..
ഇല്ല! ഒരിക്കലുമില്ല പ്രിയരേ...
എന്നെ സ്നേഹിക്കും, ഞാന്‍ സ്നേഹിക്കുമെന്‍
പ്രിയ കുടുംബത്തെയും സ്നേഹിതരെയും
മറന്നു മൃത്യുവാം കാമുകനെ
വരിക്കാനായ് ഞനൊരുക്കമല്ലൊരിക്കലും..!
ലോലമാം മനസ്സുകളെ മധുര
സ്വപ്‌നങ്ങള്‍ നല്‍കി മോഹിപ്പിച്ച്
ജീവനും, ജീവിതവും പ്രാപിച്ച്
വെറും ആറടി മണ്ണില്‍ ജീവിതം
ഹോമിപ്പിക്കാന്‍ പ്രേരിപ്പിക്കുമൊരു
നീചനാം വഞ്ചകന്‍ മാത്രമീ
മൃത്യുവാം കാമുകനെന്നു ഞാനിന്നറിയുന്നു..!
അവനണിയാനായ് ഞാനൊരുക്കി വെച്ച
പുഷ്പമാല്യം പിച്ചിപ്പറിച്ച്
വാരിപ്പെറുക്കിയൊതുക്കിയൊരു യാത്രാമൊഴിയാം
പുഷ്പ ചക്രമായ് ഞാനിതാ,
നിരാശ നിറഞ്ഞ്‌ ചേതനയറ്റ
അവന്‍ മേനിയിലര്‍പ്പിക്കുന്നു..!
ഞാനിനിയെല്ലാം മറന്നൊന്നു മയങ്ങട്ടെ...
ശാന്തമായൊന്നുറങ്ങി ഉണരുവാനായ്..!