SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Friday 16 May 2014

ഉണ്ണിമോൾ

                                 
                       ഒരു പെരുന്നാൾ സായാഹ്നം. അന്ന് ഒരു കടത്തു തോണി യാത്രയിൽ അവൾ അയാളെ കണ്ടു. ഫോട്ടോകളിലൂടെ പരസ്പരം കണ്ടിട്ടുണ്ടെന്നല്ലാതെ നേരിൽ കാണുന്നത് അവൾ ഇത് ആദ്യമാണ്. ഫോട്ടോയിൽ കാണുന്നത് പോലെ തന്നെയുണ്ട് അയാൾ. പക്ഷെ ചെറുതായിട്ട് താടി വന്നിട്ടുണ്ട്. അവൾ ആരാധനയോടെ കാണുന്ന അവളുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു അത്. ഒരു പക്ഷെ അയാൾ കാരണമാവാം അവളും അവളുടെ ചിന്തകളെയും, ഭാവനകളെയും കടലാസിൽ പകര്താൻ തുടങ്ങിയതെന്ന് പറയാം. അവൾ എഴുതുന്ന ഓരോ കൃതികളും വായിക്കാനായി ആദ്യം അയച്ചു കൊടുക്കുന്നത് അയാൾക്കാണ്‌. അതിനെല്ലാം ശരിയായ അഭിപ്രായങ്ങൾ പറഞ്ഞ് അയാള് അവള്ക്ക് മറുപടിയും കൊടുക്കാറുണ്ടായിരുന്നു. പക്ഷെ അതിനിടക്ക് എപ്പഴോ അയാളോടുള്ള ആരാധന അവളിൽ ഒരു പ്രണയമായി വളർന്നിരുന്നു. അത് അവൾ കത്തുകളിലൂടെ അയാളോട് തുറന്നു പറയുകയും ചെയ്തു. പക്ഷെ അക്ഷരങ്ങളുടെ ലോകത്തിലൂടെ പരിചയപ്പെട്ട ആ ബന്ധത്തിന് അക്ഷരത്തെറ്റ് എന്ന പോലെ പോറൽ സംഭവിച്ചു. അയാൾക്ക് അവൾ എന്നും ഒരു സുഹൃത്തോ, സഹോദരിയോ ഒക്കെ ആണെന്ന് അവൾക്ക് അയാളുടെ മറുപടിയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. അവൾ അതെല്ലാം ഉൾകൊണ്ട് പഴയതു പോലെ ആ സൗഹൃദം നില നിർത്താൻ ശ്രമിച്ചു. എങ്കിലും പഴയതു പോലെ അവളുമായി അടുപ്പം കാണിക്കാൻ അയാളുടെ മനസ്സ് അനുവദിച്ചിരുന്നില്ല. അയാളുടെ ഏകാന്ത ജീവിതത്തിൽ അവളൊരു ബാധ്യതയാകുമെന്ന് തോന്നിയതാവാം കാരണം.
                                മുമ്പൊക്കെ  അയാളെ ഒരു നോക്കെങ്കിലും ഒന്ന് കണ്ട് നേരിൽ സംസാരിക്കണം എന്ന് ആശിച്ചതാണെങ്കിലും, അന്ന് അവൾ അയാളെ നേരിൽ കണ്ടപ്പോൾ അയാളുടെ അടുത്ത് ചെല്ലണോ, എന്തെങ്കിലും സംസാരിക്കണോ എന്നൊന്നും തീരുമാനിക്കാൻ അവൾക്കാവുന്നുണ്ടയിരുന്നില്ല. കടത്തു തോണി അക്കരെ എത്തിയിരിക്കുന്നു. തോണി ഇറങ്ങി അവൾ കാശ് കൊടുക്കാൻ നേരം പിന്നിൽ നിന്നൊരാളുടെ ശബ്ദം, "ഉണ്ണിമോളേ, തൻറെ കാശ് കൊടുക്കണ്ടാട്ടോ, അതു ഞാൻ കൊടുക്കാം". എഴുത്തുകളിലൂടെ അയാൾ അവളെ അഭിസംബോധന ചെയ്തിരുന്ന ആ വിളി കേട്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. അത് ആ എഴുത്തുകാരൻ തന്നെ ആയിരുന്നു. ആദ്യം അത് അവൾക്കൊരു അമ്പരപ്പുണ്ടാക്കിയെങ്കിലും പിന്നെ അത് അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമായി മാറിയിരുന്നു. "അങ്ങനെ എങ്കിൽ സർ രണ്ടു പേരുടെ കൂടി കാശ് കൊടുക്കണം". അവളെ നോക്കി കാശ് കൊടുക്കാനൊരുങ്ങുന്ന അയാളോടായി അവളും ഒരു ചെറു ചിരിയോടെ പറഞ്ഞു. ആ രണ്ടുപേർ ആരൊക്കെ ആണെന്നറിയാനുള്ള ആകാംഷയോടെയാണെന്നു തോന്നുന്നു അയാൾ ചുറ്റും ഒന്നു കണ്ണോടിച്ചു. അവർ മൂന്നു പേരും അയാളുടെ അടുത്ത് ചെന്നു. "സർ, ഇത് എൻറെ ഭർത്താവും, കുഞ്ഞുമാണ്". ആ രണ്ടു പേരെ കൂടെ നിർത്തി അവൾ അയാളോട് പറഞ്ഞു. "ഇതാണ് ഞാൻ പറഞ്ഞിട്ടുള്ള എൻറെ എഴുത്തുകാരൻ". തിരിച്ച് അവൾ ഭർത്താവിന് അയാളെ പരിചയപ്പെടുത്തി. "നീ പറയണ്ട, ഇപ്പോൾ അദ്ദേഹം പ്രശസ്തനായ ഒരു ഗാന രചയിതാവും, സംഗീത സംവിധായകനുമാണ്. നിൻറെ ആ പഴയ എഴുത്തുകാരൻ മാത്രമല്ല, ഞങ്ങളെല്ലാം ഇന്ന് അദ്ദേഹത്തെ ആരാധനയോടെ തന്നെയാ കാണുന്നത്". ഉടൻ തന്നെയുള്ള അവളുടെ ഭർത്താവിന്റെ കളി നിറഞ്ഞുള്ള വാക്കുകൾ കേട്ടവൾ ലജ്ജയാൽ മൗനം പാലിച്ച് തല കുനിച്ചു. അവളുടെയും,ഭർത്താവിന്റെയും നിഷ്കളങ്കമായ സ്നേഹം കണ്ടാണെന്നു തോന്നുന്നു അയാളും അവളെ നോക്കി ചെറുതായൊന്നു കളിയോടെ ചിരിച്ചു. അവളുടെ കുഞ്ഞിനെ കൈ പിടിച്ച് കൊണ്ടുപോയി ഒരു ബലൂണ്‍ കളിപ്പാട്ടം വാങ്ങിക്കൊടുത്ത് അവർക്ക് തിരിച്ച് ഏൽപ്പിച്ച് ഒരു നറു പുഞ്ചിരി അവർക്ക് മൂന്നു പേർക്കുമായി സമ്മാനിച്ച് അയാൾ നടന്നു നീങ്ങി. കുഞ്ഞിൻറെ കയ്യിലെ ബലൂണ്‍ കൈവിട്ട് ആകാശത്തിലേക്ക് പറന്നകന്ന് കാണാ മറയത്തേക്ക് പോയ നേരം അയാളും അവളുടെ കാണാ മറയത്ത് നിന്നും മാഞ്ഞു പോയിരുന്നു.

Monday 12 May 2014

നിൻറെ വരവും കാത്ത്


വേനൽ മഴ തൻ ആശ്വാസമെന്നോണം
ഒരു നാൾ ഒരു വേള നീ
നിൻ വാരിയെല്ലിൻ പാതിയെ
തേടി വരുമെന്നറിയാം.
നീ ആരെന്നോ എന്തെന്നോ
എവിടെയെന്നോ അറിയില്ല.
എങ്കിലും നീ എന്ന ആ സങ്കൽപ്പത്തെ
ഞാനിന്നൊരുപാട് സ്നേഹിക്കുന്നു.
നിനക്കായാണിനി എൻറെ
പ്രണയാനുരാഗങ്ങളൊക്കെയും.
ജീവ ശ്വാസം നിലക്കും നാൾ വരെ
നിന്റെ വരവിനായ് മാത്രമാണു
ഇനിയെന്റെ കാത്തിരിപ്പും.