SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Friday 21 June 2019

നന്ദൂട്ടിയുടെ 'അമ്മ

ഇന്നലെ ഉറക്കളച്ച് എന്തൊക്കെയോ എഴുതിയിരുന്നു. രാവിലെ എണീറ്റ് ചായ കുടിക്കാനെടുത്തപ്പഴാ അതിനെക്കുറിച്ചോർത്തത്. ചുമ്മാ അതൊന്ന് എടുത്ത് വായിച്ച് നോക്കി. ഉയ്യോ ദാരിദ്ര്യം!!!
'രണ്ടാം തരം വരെ പഠിച്ചത് അച്ഛന്റെ തറവാട് വീട്ടിൽ നിന്ന്. അവിടെ അടുത്തുള്ള എൽ.പി.സ്‌കൂളിൽ. സാമാന്യം തരക്കേടില്ലാതെ പഠിക്കുന്ന ക്ലാസ്സിലെ നല്ല ഒരു കുട്ടി. അധ്യാപകർക്കൊക്കെ പ്രിയപ്പെട്ട വിദ്യാർത്ഥി. ആ രണ്ട് വർഷത്തെ വിദ്യാഭ്യാസ കാലത്തോടെ അച്ഛന്റെ നാട്ടിലെ എന്റെ നല്ല ദിനങ്ങളും, അച്ഛന്റെ തറവാടും, നാട്ടിലെ കൂട്ടുകാരെയും, സ്കൂളിലെ എന്റെ കൂട്ടുകാരെയും, എന്നെ നിലത്തും തലയിലും വെക്കാതെ എന്റെ അച്ഛനേക്കാളേറെ സ്നേഹം തന്ന് കൊണ്ടുനടന്ന പെൺമക്കളില്ലാത്ത വല്യച്ഛനേയും കുടുംബത്തേയും ആ തറവാട്ടിൽ തനിച്ചാക്കി എന്നെ അവിടുന്ന് അമ്മയ്ക്കും അനിയനും ഒപ്പം അമ്മയുടെ വീട്ടിലേക്ക് പറിച്ച് നട്ടു. പ്രായം ഇത്ര ഒക്കെ ആയിട്ടും എനിക്ക് മറക്കാനാവാത്ത വേർപാടിന്റെ വേദനയാണ് ആ പറിച്ച് നടൽ. അമ്മയുടെ വീട്ടിൽ പുതിയ കുടുംബാന്തരീക്ഷം, പുതിയ കുടുംബാംഗങ്ങൾ. ഒന്നിനോടും ആരോടും ആദ്യമാദ്യം പൊരുത്തപ്പെടാൻ എനിക്കായില്ല. പിന്നീട് സ്കൂൾ അവധി കഴിഞ്ഞു സ്കൂൾ തുറന്നു. പുതിയ നാട്, പുതിയ സ്കൂൾ, പുതിയ ക്ലാസ് മുറി, പുതിയ സഹപാഠികൾ, പുതിയ അധ്യാപകർ, ആ സ്കൂളിൽ ഞാനും പുതിയത്. മുൻപായിരുന്നെങ്കിൽ വല്യച്ഛന്റെ കയ്യും പിടിച്ച് കണ്ടതെല്ലാം വാങ്ങിപ്പിച്ച് സ്കൂളിൽ എത്തി ക്ലാസിൽ ബെഞ്ചിൽ കൊണ്ടിരുത്തിയെ വല്യച്ഛൻ സ്കൂളിന് പുറത്ത് പോവൂ. പക്ഷെ ഇവിടെ എനിക്കായിരുന്നു വല്യച്ഛന്റെ റോള്. അനിയനും, അമ്മയുടെ സഹോദരങ്ങളുടെ മക്കളും എന്നോടൊപ്പം സ്കൂളിൽ ചേർന്ന് വരുന്നുണ്ട്. അവരിൽ മൂത്തത് ഞാൻ ആയോണ്ട് അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുക എന്ന ചുമതലയും എനിക്കുണ്ടായിരുന്നു. അങ്ങനെ ഞാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് തുടങ്ങി. ഞാൻ രൂപ ഭംഗിയിൽ ഒരു ശരാശരി സൗന്ദര്യം പോലും ഇല്ലാത്ത കുട്ടിയായിരുന്നത് കൊണ്ടാവാം സ്കൂളിൽ എനിക്ക് ഒത്തിരി ഇരട്ടപ്പേരുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൂട്ടുകാരും കുറവായിരുന്നു. വീട്ടിൽ ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടാനായിരുന്നു ഇഷ്ടം. ചെറിയ കാര്യങ്ങൾക്ക് പോലും കരയും. വര്ഷത്തിലോ വര്ഷങ്ങളിലോ വിരുന്നുകാരനെ പോലെ വന്നു പോവുന്ന അച്ഛനോട് പോലും സംസാരിക്കാൻ പേടിയായിരുന്നു. ഒരുപക്ഷെ മുൻപ് വല്യച്ഛനിൽ നിന്ന് കിട്ടിയിരുന്ന സ്നേഹവും പരിഗണയും മാതാപിതാക്കളിൽ നിന്നും കിട്ടുന്നില്ല എന്ന എന്റെ ചിന്തയും, വേദനയും ആയിരിക്കണം തനിച്ചിരിക്കാനും എന്നിലേക്ക് മാത്രമായി ഒതുങ്ങാനും എന്നിൽ കാരണമായിരുന്നത് . അധ്യാപകർക്ക് ഞാൻ ഇവിടെയും പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു. എന്റെ അധ്യാപകരായിരുന്നു എന്നിലെ കഴിവുകളെയും വിജ്ഞാനത്തേയും പ്രോത്സാഹിപ്പിച്ചതും എനിക്ക് വേണ്ട പ്രചോദനവും ആത്മവിശ്വാസവും തന്നതും. അവരില്ലായിരുന്നെങ്കിൽ ഞാൻ ഇന്നും ഒന്നും ആവില്ലായിരുന്നു.'
എന്ത് തൊലിഞ്ഞ എഴുത്താണെന്റമ്മോ!!! ഈ കുഴിവെട്ടി മൂടി ആത്മശാന്തി കിട്ടിയ ഭൂതകാലത്തിനെങ്ങനെ ഇപ്പോ ഒരു പുനർജന്മമുണ്ടായെന്നാ ഞാൻ ഓർക്കുന്നത്.
"ആരതീ, ദേ ബാബുവും മോളും റെഡി ആയി നിൽക്കുന്നു. നീ റെഡി ആയില്ലേ പോവാൻ? സ്കൂളിൽ നിന്ന് ഹെഡ് മാഷ് വിളിച്ച് സമയം വീണ്ടും ഓർമ്മപ്പെടുത്തിയിരുന്നു".
ഇപ്പഴാ കാര്യം പിടികിട്ടിയത്, പഠിച്ച സ്കൂളിൽ ഇന്നെനിക്ക് ഒരു സ്വീകരണം ഉണ്ട്. അതിന്റെ ഭാഗമായുള്ള കുത്തിപ്പൊക്കലാ ഇന്നലെ ഈ സംഭവിച്ചത്.
"അമ്മേ, ഞാനിതാ റെഡിയാവാൻ തുടങ്ങുവാ, ഇപ്പോ ഇറങ്ങാന്ന് പറയൂ".

ബാബുവും മോളും എന്നെ കാത്തിരുന്ന് ക്ഷമ നശിച്ചിരുന്നു. ഞാൻ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കാതെ റെഡിയായി വന്ന് വേഗം ഭക്ഷണം കഴിച്ച് കാറിൽ കയറി ഇരുന്നു.
"രണ്ടുപേരും എന്റെ കൂടെ വരുന്നില്ലേ ആവോ?" എന്റെ ചോദ്യം കേട്ടതും മോളുടെ മുഖത്ത് ഗൗരവം. ബാബുവാണെങ്കിൽ എന്ത് ചെയ്യണം എന്ന മട്ടിൽ മോളെ നോക്കുകയും ചെയ്തു. അതിനുള്ള മറുപടിയെന്നോണം
"വാ, വന്ന് വണ്ടി എടുക്ക്. കൊണ്ടുപോയി വിട്ടേക്കാം." മോള് ബാബുവിനോട് ആ ഗൗരവത്തിൽ തന്നെ കൽപ്പിച്ചു.
"ഓകെ മാഡം, മാഡം കൂടി വന്ന് കയറിയാൽ എനിക്ക് വണ്ടിയെടുക്കായിരുന്നു." ബാബുവിന്റെ കുസൃതി നിറഞ്ഞ സംസാരം കേട്ട ഉടൻ മോള് ചിരിച്ചോണ്ട് കാറിൽ കയറി ഇരുന്നു. ഉടനെ ബാബു കാർ സ്റ്റാർട്ടാക്കി വിടുകയും ചെയ്തു. അപ്പഴും രണ്ടുപേരും എനിക്ക് മുഖം തരാതെ ഇരിപ്പായിരുന്നു. ആ സമയത്താണ് ആലോചനയിൽ ഹരിമാഷിനെ കുറിച്ച് ഞാൻ എന്താ ഇന്നലെ എഴുതിയതിൽ ഒന്നും ചേർക്കാതിരുന്നത് എന്ന് ഓർത്തത്.

എന്റെ ജീവിതത്തിലെ ഒരു വസന്ത കാലഘട്ടമായിരുന്നു ഹരിമാഷിനെ കണ്ടുമുട്ടിയ ആ അഞ്ചു വർഷങ്ങൾ.അമ്മയുടെ നാട്ടിൽ അച്ഛൻ സ്വന്തമായി ഒരു വീട് വെച്ച താമസം മാറിയ സമയത്താണ് ഹരിമാഷിനെ പരിചയപ്പെടുന്നത്. ഹരിമാഷും അച്ഛനും അമ്മയും ഒരു സഹോദരിയും അടങ്ങുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടെ പുതിയ വീടിന്റെ അയൽക്കാർ. ഹരിമാഷ് അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.ഞാൻ അന്ന് ഹൈസ്കൂളിലും. ഹരിമാഷ് എല്ലാവരുമായും പെട്ടെന്ന് കൂട്ടാവുന്ന ആളായിരുന്നു. ആർക്കും എന്ത് സഹായത്തിനും മാഷ് എപ്പഴും റെഡിയായിരുന്നു. നല്ലൊരു സംസാരപ്രിയൻ. എന്തുകൊണ്ടും മാന്യനായ നല്ല ഒരു ചെറുപ്പക്കാരൻ. അതുകൊണ്ടാവാം അമ്മ ഹരിമാഷോട്‌ എനിക്ക് ട്യൂഷൻ എടുത്ത് കൊടുക്കാവോ എന്ന് ചോദിച്ചത്. അത് വരെ ഒരു വിഷാദരോഗി ഔട്ട്ലുക്കുള്ള എന്നെ മാറ്റിയെടുക്കണം എന്ന വാശി കൊണ്ടാവണം മാഷ് ആ അഭ്യർത്ഥന നിരുപാധികം സ്വീകരിച്ചു. അന്നുമുതൽ തന്നെ വൈകുന്നേരങ്ങളിൽ ഞാൻ ഹരിമാഷിന്റെ വീട്ടിൽ ട്യൂഷന് പോയിത്തുടങ്ങി. അങ്ങനെയാണ് അന്ന് വരെ ഹരിയേട്ടനായിരുന്ന മാഷ് എനിക്ക് ഹരിമാഷ് ആയത്. ഞാനും മാഷും ഒന്നിച്ചിരുന്നാ പഠിച്ചിരുന്നത്. അതുകൊണ്ട് ട്യൂഷൻ എന്ന് പറയാൻ പറ്റില്ല. ഞങ്ങളുടേത് കംപയിന്റ് സ്റ്റഡി ആയിരുന്നെന്ന് പറയാം. എന്റെ സംശയങ്ങൾ എല്ലാം തീർത്ത് മാഷ് എന്നെ പഠിപ്പിക്കും. പിന്നെ ഞങ്ങളുടെ പഠനം കഴിഞ്ഞ് മാഷ് ഓരോന്ന് സംസാരിച്ചോണ്ടിരിക്കും. ഭക്ഷണം കഴിച്ചു കിടക്കാറാവുമ്പോൾ അമ്മ എന്നെ വന്ന് വിളിക്കാറായിരുന്നു പതിവ്. പിന്നെ പിന്നെ ഞാനും മാഷിനോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി. പിന്നീട്ട് മാഷിന്റെ വീട്ടുകാരോടും സംസാരിച്ച് കൂടുതൽ കൂട്ടായി. അങ്ങനെ അങ്ങനെ നാട്ടിലും പരിസരത്തും സാമാന്യം നല്ല പരിചയക്കാരായി എനിക്കും. എങ്കിലും ഹരിമാഷിന്റെ കൂടെയുള്ള നിമിഷങ്ങളും ആ കംപയിന്റ് സ്റ്റഡിയും എല്ലാമായിരുന്നു എനിക്ക് ഏറെ പ്രിയപ്പെട്ടത്. ഞങ്ങൾ അവിടെ ചെന്ന അടുത്ത വർഷത്തിലായിരുന്നു ഹരിമാഷിന്റെ പെങ്ങളുടെ വിവാഹം. മാഷിന്റെ അച്ഛൻ എവിടുന്നൊക്കെയോ ആരോടൊക്കയോ കാഷ് കടം വാങ്ങിയാണ് പെങ്ങളെ കെട്ടിച്ചു വിട്ടത്. മാഷ് പകൽ പകുതി സമയം പഠനവും അതിനു ശേഷം അടുത്തൊരു ട്യൂഷൻ സെന്ററിൽ കുട്ടികൾക്ക് ട്യൂഷനും എടുത്തായിരുന്നു ജീവിച്ചിരുന്നത്. ട്യൂഷൻ എടുത്ത് കിട്ടുന്ന കാഷ് കൊണ്ടായിരുന്നു കുടുംബത്തിലെ ചെലവും മാഷിന്റെ പഠനവും നടന്നിരുന്നത്. പെങ്ങൾ വീട്ടിൽ വന്ന് ബാക്കി കൊടുക്കാനുള്ള സ്വർണത്തിന്റെയും പണത്തിന്റെയും കണക്ക് പറയുമ്പോഴും, അച്ഛൻ അച്ഛന്റെ ബാധ്യതകളുടെ കണക്ക് പറയുമ്പോഴും മാഷ് എന്നെ നോക്കി ചിരിച്ചോണ്ട് പറയും "ആരതിക്കുട്ടി ഇതൊന്നും കേട്ട് തെറ്റിദ്ധരിക്കണ്ട. അവർക്കൊക്കെ എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്നും, എനിക്ക് നാളെ ഒരു നല്ല ജോലി കിട്ടുമെന്നും അത് കഴിഞ്ഞ് ഈ ബാധ്യതകളൊക്കെ തീർക്കുമെന്നും ഇവർക്കൊന്നും അറിയില്ലല്ലോ ലെ ആരതിക്കുട്ടീ" എന്നും ഒക്കെ എന്നോട് പായാരം പറയും. മാഷിന്റെ നിഷ്കളങ്കമായ ആ പായാരം പറച്ചിൽ കേട്ട് അന്ന് എനിക്ക് മാഷെ നോക്കി പുഞ്ചിരിച്ച് തലയാട്ടാനേ സാധിച്ചിരുന്നുള്ളു. ആശ്വാസവാക്കുകൾ തിരിച്ച് ഞാൻ പറഞ്ഞിരുന്നില്ലെങ്കിലും അന്ന് ഞാൻ മാഷിനൊരു ആശ്വാസമായിരുന്നിരിക്കണം.

അങ്ങനെ ഞാൻ പത്താംതരം പാസ്സായി ഹയർസെക്കണ്ടറി ആയി. ഹരി മാഷ് പി.ജിയും ആയി. എങ്കിലും പഠിത്തം അപ്പഴും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞാനും ഹരിമാഷും സന്തോഷങ്ങളും സങ്കടങ്ങളും കുസൃതികളും തമാശകളും ഒപ്പം വിജ്ഞാനവും പരസ്പരം പങ്കുവെച്ച് ഞങ്ങൾ കൂടുതൽ നല്ല കൂട്ടുകാരായി. പരസ്പരം നല്ല സപ്പോർട്ടും ആയി എന്തിനും. അതിനിടക്ക് എപ്പഴോ എനിക്ക് ഹരിമാഷിനോട് തോന്നിയ പ്രണയം ഞാൻ തുറന്ന് പറഞ്ഞെങ്കിലും എന്റെ പ്രായത്തിന്റെ പക്വതയില്ലായ്മയിൽ തോന്നിയ ഒരു വെറും മോഹമായി കരുതി മാഷ് അതിനു ഒരു പരിഗണനയും തന്നില്ല. എന്നിൽ നിന്നും അങ്ങനെ ഒരു പെരുമാറ്റം പോലും സംഭവിക്കാത്ത രീതിയിൽ മാഷ് പിന്നീട് എന്നോട് ഇടപഴകിയിരുന്നത്. അങ്ങനെ തിരിച്ച് ഞാനും അങ്ങനെ പഴയപടി തന്നെ ഇടപഴകി തുടങ്ങി. അങ്ങനെ എന്റെ ഹയർസെക്കണ്ടറി പഠനകാലം കഴിയുന്ന സമയത്ത് അച്ഛന്റെ നാട്ടിൽ അച്ഛന് കുടുംബസ്വത്തായി കിട്ടിയ സ്ഥലത്ത് വീട് വെക്കാൻ തീരുമാനിച്ച് അച്ഛൻ അത് നടപ്പിലാക്കി. എന്റെ പരീക്ഷ കഴിഞ്ഞ് വെക്കേഷനിൽ അന്നുണ്ടായിരുന്ന വീട് വിറ്റ് വീണ്ടും അച്ഛന്റെ നാട്ടിലേക്ക് ചേക്കേറി. അന്ന് തിരിച്ച് പോരും മുൻപ് ഹരിമാഷിനെ കണ്ട് ഞാൻ വീണ്ടും എന്റെ പ്രണയം തുറന്ന് പറഞ്ഞു. അത്രക്ക് ഇഷ്ടായിരുന്നു എനിക്ക് എന്റെ മാഷിനെ. മാഷിനെ പിരിയുക എന്നത് എനിക്കന്ന് ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നു. "ഇതൊക്കെ പ്രായത്തിന്റെ കുഴപ്പമാണ്. നിനക്ക് എന്നോടുള്ള സ്നേഹം മനസ്സിലാക്കാതിരിക്കാൻ ഞാൻ ഒരു പൊട്ടാനൊന്നും അല്ല. പക്ഷെ നിന്നെ വേദനിപ്പിക്കാൻ എനിക്ക് ഇഷ്ടമല്ല. ഞാൻ എന്നും നിന്റെ ഒരു നല്ല സുഹൃത്തായിരിക്കും. നീ എന്നും എന്റെയും ഒരു നല്ല സുഹൃത്തായിരിക്കണം. ഇവിടുന്ന് പോയാലും നമുക്ക് നമ്മുടെ സൗഹൃദം നിലനിർത്തണം." എന്നും പറഞ്ഞ് മാഷ് എന്നെ യാത്രയാക്കി. ആ യാത്രാമൊഴി കേട്ട് കരഞ്ഞു പോരാനല്ലാതെ മറ്റൊന്നിനും എനിക്കന്ന് കഴിഞ്ഞില്ല.

അങ്ങനെ ഇടക്ക് മാഷ് വീട്ടിലെ ലാന്റ് ഫോണിലേക്ക് ബൂത്തിൽ നിന്നും വിളിച്ച് സംസാരിച്ചിരുന്നു. ആ സമയത്ത് അവസാനം ഞങ്ങൾ വിളിച്ച് സംസാരിച്ചിരുന്നത് മുതൽ വിളിക്കുന്ന അന്ന് വരെയുള്ള കാര്യങ്ങൾ സംസാരിക്കും. ഞാൻ ഡിഗ്രിക്ക് ചേർന്ന കാര്യവും, ക്ലാസ്സിലെ പുതിയ കൂട്ടുകാരെ പറ്റിയും, പഠനത്തെ പറ്റിയും, സംശയങ്ങളും ഒക്കെ ഞങ്ങൾ സംസാരിക്കും. മാഷ് ആണെങ്കിൽ പി.സ്.സി പരീക്ഷകളും, പോലീസ് ടെസ്റ്റുകൾ എഴുതിയ കാര്യങ്ങളെ കുറിച്ചും, സ്ഥിരമായി ഒരു ജോലി തരപ്പെടാത്തതിനെ കുറിച്ചൊക്കെ പറയുമായിരുന്നു. അതിന്റെ ഒക്കെ ഇടക്ക് ഞാൻ മാഷിനോടുള്ള എന്റെ പ്രണയത്തിൽ മാറ്റമൊന്നുമില്ലെന്ന് ഓർമ്മിപ്പിക്കാനായി ഓരോന്ന് ഞാൻ മുള്ളും മുനയും വെച്ച് പറയുമ്പഴേക്ക് മാഷ് ഫോൺ കട്ട് ചെയ്ത് പോവാറായിരുന്നു പതിവ്. മാഷ് ഒഴിഞ്ഞു മാറിയിരുന്നെങ്കിലും മാഷിനോടുള്ള എന്റെ പ്രണയം നാൾക്കുനാൾ വർധിച്ച് വരികയായിരുന്നു.

എൻറെ ഡിഗ്രി രണ്ടാം വർഷ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്തൊരിക്കൽ ഹരിമാഷ് എന്നെ വിളിച്ച് പറഞ്ഞു മാഷ് ഗൾഫിൽ പോവാണ്, ബാധ്യതകളൊക്കെ പെട്ടെന്ന് തീർക്കാൻ ഇപ്പോൾ ഗൾഫിൽ പോയെ പറ്റൂ എന്നും, ഇനി അവിടെ ചെന്നിട്ട് വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു. പിന്നീട് അവിടെ ചെന്ന് ജോലിക്ക് കയറി കോൺടാക്റ്റ് നമ്പർ ഒക്കെ ആയ ശേഷം മാഷ് വീണ്ടും ഇടക്ക് വിളിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം മാഷ് വിളിച്ചപ്പോൾ ജോലിയുടെ ബുദ്ധിമുട്ടും ശമ്പളത്തിന്റെ കുറവും താമസ സൗകര്യങ്ങളുടെ അപര്യാപ്തതകളും എല്ലാം പറഞ്ഞപ്പോൾ ഞാൻ വീണ്ടും എന്റെ ഉള്ള് തുറന്നു. മാഷ് എന്നെ വിവാഹം കഴിക്കുകയാണെങ്കിൽ ഈ ബുദ്ധിമുട്ട് വല്ലതും സഹിക്കണോ, എന്റെ അച്ഛൻ തരുന്ന കാശും സ്വർണ്ണവും കൊണ്ട് മാഷിന്റെ ബാധ്യതകൾ തീർക്കാമായിരുന്നെന്ന് ഞാൻ ഒരു നിർദ്ദേശം പറഞ്ഞത് മാത്രമേ ഇന്നും എനിക്ക് ഓർമ്മയിലുള്ളു. കൂടെ അതിനുള്ള മാഷിന്റെ പ്രതികരണവും. "ഞാൻ തന്നോട് എന്റെ ബാധ്യതകൾ തീർക്കാൻ പണമോ മറ്റോ ആവശ്യപ്പെട്ടോ? ഇല്ലല്ലോ? എനിക്ക് ആരുടേയും ഒരു ചില്ലിക്കാശും വേണ്ട. വെറുതെ തന്നാലും സ്വീകരിക്കില്ല. പിന്നെ നിനക്ക് എന്നോടുള്ള പ്രണയം കൊണ്ടാണ് ഇത് പറയുന്നത് എന്ന് എനിക്കറിയാം. ഞാൻ നിനക്ക് പല തവണ താക്കീത് തന്നതാ, നിന്റെ ആ ചിന്തയിൽ നിന്ന് ഒന്ന് പുറത്ത് വന്ന് എന്നെ ഒരു നല്ല സുഹൃത്തായി കാണാൻ. നീ എന്താ എന്നെ മനസ്സിലാക്കാത്തത്. നമ്മുടെ ഈ നല്ല സൗഹൃദം നഷ്ടപ്പെടുത്തല്ലേ ആരതീ. പ്ലീസ്. പ്രണയം ഒന്നും അല്ല ജീവിതം. ആദ്യം നീ നന്നായി പഠിച്ച് ഒരു നല്ല ജോലി ഒക്കെ നേടാൻ ശ്രമിക്ക്. അല്ലാതെ പ്രണയവും വിവാഹവും മാത്രം അല്ല ജീവിതം. ഇനി എന്ന് നിനക്ക് എന്നെ ഒരു നല്ല സുഹൃത്തായി കാണാൻ കഴിയുന്നോ അന്ന് നീ ഇനി എന്നെ കോൺടാക്ട് ചെയ്താൽ മതി" എന്ന് ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ മാഷിന് പറയാനുള്ളതെല്ലാം പറഞ്ഞ് മാഷ് ഫോൺ കട്ട് ചെയ്തു. മാഷ് ആദ്യമായിട്ടായിരുന്നു എന്നോട് അങ്ങനെ ദേഷ്യപ്പെട്ട് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ആവണം പിന്നെ ഒരിക്കലും മാഷ് എന്നെ വിളിച്ചില്ല. തിരിച്ച് ഞാനും മാഷിനെ വിളിച്ചില്ല.

എന്റെ ഡിഗ്രി കഴിഞ്ഞു. ഞാൻ LLBക്ക് ചേർന്നു. പഠിച്ച് ഒരു ജോലി വാങ്ങി മാഷിന്റെ മുന്നിൽ ചെന്ന് നിന്ന് ഇനിയെങ്കിലും എന്നെ കെട്ടാമോന്ന് ചോദിക്കണം എന്നുള്ള ഒരു വാശി ആയിരുന്നു അന്നെനിക്ക്. വീട്ടിൽ നിന്ന് കോളേജിലേക്ക് പോയി വരുന്നത് ബുദ്ധിമുട്ടായത് കൊണ്ട് ഞൻ കോളേജ് ഹോസ്റ്റലിൽ താമസമാക്കി. അങ്ങനെ ജോലി വാങ്ങണം എന്ന വാശിയിൽ തന്നെ പഠിച്ചു.അപ്പഴും മാഷ് എന്നെയോ ഞാൻ മാഷിനെയോ കോൺടാക്ട് ചെയ്തില്ല. അങ്ങനെ എന്റെ LLB പഠനം അവസാനിക്കാറാവുന്ന സമയത്ത് അമ്മയും അനിയനും അച്ഛന്റെ അടുത്ത് ഗൾഫിലേക്ക് വിസിറ്റിംഗിന് പോയിരുന്നു. അവര് പോയി തിരിച്ച് വരുമ്പോൾ അച്ഛൻ എനിക്ക് ഇന്റർനെറ്റ് ഒക്കെ ഉപയോഗിക്കാൻ പറ്റുന്ന ഒരു നല്ല ഫോൺ കൊടുത്തു വിട്ടു. അതിൽ ഞാൻ ആദ്യമായി എനിക്കൊരു ഫേസ്ബുക് അക്കൗണ്ട് തുറന്നു. എന്നിട്ട് ഞാൻ അതിൽ ആദ്യം തിരഞ്ഞു നോക്കിയത് എന്റെ ഹരിമാഷിനെ തന്നെയായിരുന്നു. ഇത്രയും നാൾ മിണ്ടാതിരുന്ന മാഷിനോട് പരിഭവങ്ങൾ പറഞ്ഞ് വീണ്ടും കൂട്ടുകൂടണം. എന്റെ പഠനം കഴിയാറായി. ഇനി എനിക്ക് തീർച്ചയായും ഒരു നല്ല ജോലി ലഭിക്കും, ഇനിയെങ്കിലും മാഷിന് എന്നെ കെട്ടാവോ എന്ന് ചോദിക്കാനൊക്കെ ആയിട്ടായിരുന്നു എന്റെ ആ തിരയൽ. എന്നാൽ മാഷിന്റെ പ്രൊഫൈൽ ഞാൻ കണ്ട നിമിഷം മാഷിന്റെ പ്രൊഫൈൽ ചിത്രം മാഷും മാഷിന്റെ നവവധുവും ഒരുമിച്ചുള്ള കല്യാണ ഫോട്ടോ ആയിരുന്നു. മാഷിന്റെ കല്യാണം കഴിഞ്ഞിട്ട് വെറും ഒരാഴ്ച്ച മാത്രേ ആയിട്ടുള്ളു എന്ന് എനിക്ക് മാഷിന്റെ ടൈംലൈനിൽ നിന്നും മനസ്സിലായി. അതെല്ലാം കൂടി കണ്ടത്തിന്റെയോ, അറിഞ്ഞതിന്റെയോ ഷോക്കിലാണെന്ന് തോന്നുന്നു എന്റെ കണ്ണിലാകെ ഇരുട്ട് പടരുന്നതായി എനിക്ക് തോന്നി. പിന്നെ ആരോടും മിണ്ടാതായി, ജലപാനം കഴിക്കാതായി, ക്ലാസ്സിനും പോവാതെ ഹോസ്റ്റൽ മുറിയിൽ തന്നെ ചിന്തിച്ചിരിപ്പായി. ആ ഇരിപ്പിനൊടുവിൽ ഞാൻ ഒരു ദിവസം ആത്മഹത്യക്ക് ശ്രമിച്ചു. എങ്കിലും ഇന്നുവരെയും മാഷിനെ ഒരിക്കലും കണ്ടുമുട്ടരുതായിരുന്നു എന്ന് എനിക്ക് തോന്നിയില്ല, കാരണം മാഷും മാഷിന്റെ ഓർമ്മകളും എന്നും എനിക്കൊരു ആശ്വാസമായിരുന്നു. എന്നിട്ടും ഞാൻ എന്തെ മാഷിനെ കുറിച്ചൊന്നും എഴുതിയില്ല.
"അമ്മേ, ദേ സ്കൂൾ എത്താറായെന്ന്." പെട്ടെന്നാണ് ഞാൻ മോളുടെ ശബ്ദം കേട്ട് ചിന്തയിൽ നിന്നും ഉണർന്നത്.
"അമ്മ നല്ലയാളാ, ഞങ്ങളെ തനിച്ചിരുത്തി അമ്മ ഒന്ന് മയങ്ങിയല്ലേ?" മോളുടെ പരിഭവമായിരുന്നു അത്.
"ഏയ്, ഇല്ല മോളേ. നിങ്ങൾ രണ്ടുപേരും എന്നോട് മിണ്ടാതെ ഗൗരവത്തിൽ ഇരിക്കല്ലായിരുന്നോ? അപ്പോൾ അമ്മ പഴയ കാര്യങ്ങൾ ഓർത്തിരിക്കായിരുന്നു."
"S.P. ഹരിനന്ദൻ I.P.S ആണല്ലേ സ്വീകരണ പരിപാടിയിലെ മുഖ്യ അഥിതി?" പെട്ടെന്നായിരുന്നു ബാബുവിന്റെ ചോദ്യം.
"അതെ, സ്വീകരണ പരിപാടി ഭാരവാഹികൾ വാട്സപ്പ് ചെയ്ത നോട്ടീസിൽ അങ്ങനെ ഞാനും കണ്ടു." എന്ന് ഞാൻ പറഞ്ഞു തീരും മുന്നേ ബാബു തുടർന്നു. "ആ S.P സാറിനെ കുറിച്ച് എല്ലാർക്കും നല്ല അഭിപ്രായമാണ്. അമ്മായി പറഞ്ഞു സാർ മുൻപ് നിങ്ങൾ താമസിച്ചിരുന്ന വീടിനടുത്ത് ആയിരുന്നെന്ന്." ബാബുവിന്റെ ആ അഭിപ്രായത്തിന് "ഉം" എന്ന് മൂളാനേ എനിക്ക് കഴിഞ്ഞുള്ളു.

ഞങ്ങൾ സ്കൂളിലെത്തി. സ്കൂൾ ഭാരവാഹികളും അധ്യാപകരും ഞങ്ങളെ സ്വീകരിച്ചു. എന്നെ അവർ വേദിയിൽ ഒരു ഇരിപ്പിടത്തിൽ ഇരുത്തി. അപ്പഴത്തേക്കും വേദിയിൽ എല്ലാവരും എത്തിയിരുന്നു. അവിടിരുന്ന് ഞാൻ എന്റെ മാഷിനെ കണ്ണോടിച്ചു ഒന്ന് നോക്കി. പക്ഷെ കണ്ടില്ല. കുറച്ചു കഴിഞ്ഞ് മൈക്കിലൂടെ പറയുന്നത് കേട്ടു 'ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അഡ്വക്കേറ്റും അതിലുപരി ഇത്തവണത്തെ മികച്ച ബ്ലോഗർ പുരസ്കാര ജേതാവുമായ അഡ്വക്കേറ്റ് ആരതി മേനോന് പൊന്നാടയണിയിക്കാനായി S.P. ഹരിനന്ദൻ I.P.Sനെ ക്ഷണിക്കുന്നു' എന്ന അന്നൗൺസ്‌മെന്റ് ഞാൻ കേട്ടത്. ഉടൻ ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് നിന്ന് ഞാൻ എന്റെ മാഷിനെ നാലുപാടും നോക്കി. വേദിയിലെ ഇരിപ്പിടങ്ങളിൽ ഒരറ്റത്തു നിന്നും എന്റെ മാഷ് പോലീസ് യൂണിഫോമിൽ ഒരു IPS ഓഫീസറുടെ പ്രൗഢിയിൽ നടന്നു വരുന്നത് ഞാൻ കണ്ണ് മിഴിച്ച് നോക്കി നിന്നു. ഞാൻ അവസാനമായി മാഷിനെ കാണുമ്പോൾ മാഷിന് ഇത്ര ശരീരം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോ ഉയരത്തിനൊത്ത ശരീരം. മീശ ഒന്നുകൂടി കട്ടി കൂടിയിരിക്കുന്നു. മാഷ് പഴയതിലും ചെറുപ്പം ആയത് പോലെ. മാഷ് ഒരുപാട് മാറിയിരിക്കുന്നു. മാഷ് അടുത്തെത്തുന്തോറും ഞാൻ നിശ്ചലമായിരിക്കുകയാണോ അതോ തളർന്ന് വീഴാൻ പോവുകയാണോ എന്നറിയാൻ പറ്റാത്ത അവസ്ഥയിലായിരിക്കുന്നു ഞാൻ.
"ആരതിക്കുട്ടീ, നീ എന്താ ഇങ്ങനെ ഒരു നനഞ്ഞ കോഴിയെ പോലെ നിൽക്കുന്നത്? ഒന്ന് ഉഷാറായി നിൽക്കെടി." എന്ന് ഒരു പതിഞ്ഞ സ്വരം കേട്ട് പെട്ടെന്ന് ഞാൻ സ്വബോധം വീണ്ടെടുത്ത് നോക്കിയത് എന്നെ പൊന്നാടയണിക്കുന്ന ഹരിമാഷിന്റെ കണ്ണിലേക്കായിരുന്നു. ആ കണ്ണുകൾക്ക് ഇപ്പഴും ആ പ്രണയ വശ്യത ഉണ്ടോ? ആ എനിക്കറിയുന്നുണ്ടായിരുന്നില്ല ഒന്നും.
"നീ ഏത് ലോകത്താ ആരതിക്കുട്ടീ? പോവും മുന്നെ എനിക്ക് നിന്നെ ഒന്ന് കണ്ടു സംസാരിക്കണം. സമയം ഉണ്ടാവോ അതിന്?" മാഷിന്റെ ആ ചോദ്യം കേട്ടാണ് ഞാൻ മാഷിൽ നിന്നും എന്റെ കണ്ണുകളെ പിൻവലിച്ചത്. മറുപടിയൊന്നും പറയാതെ ഞാൻ എന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു.

സ്വീകരണ യോഗവും പ്രസംഗവും കഴിഞ്ഞ് ഞാൻ രണ്ട് വിശിഷ്ട അതിഥികളെ കണ്ടു. എന്റെ യു.പി. ക്ലാസ്സുകളിലെ എന്റെ പ്രിയപ്പെട്ട രണ്ടു മലയാളം അദ്ധ്യാപികമാർ. ഞാൻ ഈ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ രണ്ടു പേരും ട്രാൻസ്‌ഫർ കിട്ടി മറ്റെവിടെയോ പോയിരുന്നു. പിന്നെ ഇവർ എങ്ങനെ വീണ്ടും ഇവിടെ? അതും ഇത്രയും പ്രായമായിട്ട്? ഈ ജന്മം ഇനി ഇവരെ ഒന്നും തമ്മിൽ കാണേ ഇല്ലാന്ന് കരുതിയതാ. പിന്നെ ഇതെങ്ങനെ സംഭവിച്ചു? എനിക്ക് ചുറ്റും എന്തൊക്കെയാ നടക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. അവരോട് കുശലാന്വേഷണം നടത്തിയപ്പഴാണ് അറിയുന്നത് സ്കൂളിലെ ഗോപി മാഷ് അറിയിച്ചിട്ടാണ് അവര് ഇത്രയും ദൂരം മക്കളോടും പേരക്കുട്ടികളോടും ഒപ്പം വന്നതെന്ന്. അതും എന്നോടുള്ള സ്നേഹം കൊണ്ടെന്ന്. എനിക്ക് എഴുതാനും മറ്റുമായി ഒത്തിരി പ്രചോദനം തന്നിരുന്ന അദ്ധ്യാപകരായിരുന്നു അവർ. ആ നന്ദി ആ നിമിഷം ഞാൻ അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും അറിയിക്കുകയും ചെയ്തു. എന്നെ ഒരുപാട് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്താണ് അവർ തിരിച്ച് പോയത്. പിന്നീട് ഞാൻ ഗോപി മാഷെ പോയി കണ്ടു. എനിക്ക് ഇത്രയും സന്തോഷം നൽകിയ എന്റെ ആ രണ്ട് അദ്ധ്യാപികമാരെ വീണ്ടും എനിക്ക് കാണാൻ അവസരം ഉണ്ടാക്കി തന്നതിന് നന്ദി പറയാൻ. ഞാൻ നന്ദി പറഞ്ഞപ്പോൾ ഗോപി മാഷ് പറഞ്ഞത്
"ഈ നന്ദി എന്നോടല്ല പറയേണ്ടത്. ഇതിനുള്ള അർഹത s.p സാറിനാണ്. അദ്ദേഹം പറഞ്ഞിട്ടാ ഞങ്ങൾ സ്വീകരണത്തിന് അവരെ കൂടി ക്ഷണിച്ചത്. മാഡത്തിന്റെ ഈ സ്കൂളിലെ പ്രിയപ്പെട്ട അദ്ധ്യാപികമാരായിരുന്നു അവരെന്ന് സാർ പറഞ്ഞാണ് അറിഞ്ഞത്."
"ഹ ഹ ഹ, ഡാ ഗോപി നീ അത് പറഞ്ഞല്ലേ?" പെട്ടെന്നുള്ള ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. എന്റെ ഹരി മാഷായിരുന്നു അത്. എനിക്കപ്പോൾ മാഷിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു. ഞാൻ അവിടുന്ന് തിരിഞ്ഞു നടന്നു.
"ആരതീ നിൽക്കൂ, എനിക്ക് സംസാരിക്കാനുണ്ട്." ഹരി മാഷ് എന്റെ പിറകെ വന്നു. അത് കേട്ട് ഞാൻ അവിടെ തന്നെ നിന്നു. മാഷ് എന്നെ സ്കൂളിന് മുന്നിലെ പ്ലാവിൻ ചുവട്ടിലേക്ക് ക്ഷണിച്ചു. ഞങ്ങൾ രണ്ടുപേരും അതിന് ചുവട്ടിലെ ബെഞ്ചിലിരുന്നു.
"നീ ഇപ്പൊ തടിച്ച് ഒരു മദാമ്മയെ പോലെ ആയിട്ടുണ്ടാവും എന്നാ ഞാൻ കരുതിയിരുന്നത്. പക്ഷെ എന്റെ ആരതിക്കുട്ടിക്ക് ഇപ്പഴും ഒരു മാറ്റവും ഇല്ല." മാഷ് തന്നെ ആദ്യം സംസാരിച്ച് തുടങ്ങി. എനിക്കൊന്നും മിണ്ടാൻ തോന്നിയില്ല.
"നീ എന്താ ആരതീ എന്നോടൊന്നും മിണ്ടാത്തത്? നിനക്ക് എന്നോട് അത്രക്കും ദേഷ്യവും വെറുപ്പും ആണോ?"
"എനിക്കാരോടും ദേഷ്യമോ, വെറുപ്പോ ഒന്നും ഇല്ല്യ. പക്ഷെ ഇപ്പോ എനിക്ക് ഒന്നറിയണം. മാഷ് സോറി സാർ ആണോ ഈ സ്വീകരണവും പരിപാടിയും എല്ലാം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും?"
"അയ്യോ ആരതിക്കുട്ടി, നീ ആകെ തെറ്റിദ്ധരിച്ചിരിക്കാണ്. ഈ സ്കൂളിലെ ഗോപിമാഷ് എന്റെ ഒരു സുഹൃത്താണ്. അവനാണ് എന്നെ ഈ പരിപാടിക്ക് ക്ഷണിക്കാൻ വന്നത്. അന്ന് അവൻ വന്ന് പറഞ്ഞത് അഡ്വക്കേറ്റ് ആരതി മേനോന് ഒരു സ്വീകരണം വെക്കുന്നുണ്ട്. നിനക്ക് അഥിതി ആയി ഒന്ന് വരാൻ സമയം ഉണ്ടാവോ എന്നായിരുന്നു. ആ പേര് കേട്ടപ്പോൾ എനിക്ക് നിന്നെയാ ഓർമ്മ വന്നത്. അതുറപ്പിക്കാൻ ഞാൻ അവനോട് നിന്റെ ഫോട്ടോ വല്ലതും ഉണ്ടോന്ന് ചോദിച്ചു. അപ്പഴാണ് എനിക്കവൻ നിന്റെ ബ്ലോഗ് തുറന്ന് നിന്നെ കാണിച്ച് തന്നത്. വേറെ ഒന്നും നോക്കിയില്ല ഞാൻ ഇതിന് വരാമെന്ന് ഉറപ്പ് പറഞ്ഞു. അത്രക്ക് ഞാൻ നിന്നെ കാണാൻ ആഗ്രഹിച്ചിരുന്നു ആരതിക്കുട്ടീ. അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഈ പരിപാടിക്ക് സമയം കണ്ടെത്തിയത്. അന്ന് ഞാൻ അവനോട് ആ ടീച്ചേഴ്സും നീയുമായുള്ള ആത്മബന്ധം പറഞ്ഞിരുന്നു. അപ്പോ അവരെ ക്ഷണിക്കാൻ ശ്രമിക്കാന്ന് എന്നോട് പറഞ്ഞിരുന്നു. അല്ലാതെ എനിക്ക് ഈ സ്വീകരണവുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഈ സ്വീകരണം എന്റെ ആരതിക്കുട്ടി അർഹിക്കുന്നതാണ്. ഇത് നിന്റെ കഴിവിനെ നിന്റെ അക്ഷരമുറ്റം അംഗീകരിച്ചതാണ്. അതിൽ എനിക്ക് ഒരു പങ്കും ഇല്ല്യ."
"ഉം, എങ്കിൽ സോറി. എനിക്ക് വേണ്ടി ഇതിൽ ഒരു ഭാഗമായതിന് സാറിന് എന്റെയും ഒരു നന്ദി."
"ഒന്നു പോടീ. നിന്റെ ഒരു നന്ദി. പിന്നെ നീ എന്നെ സാർ എന്നൊന്നും വിളിച്ച് അന്യനാക്കല്ലേ. ഞാൻ ആരതിക്കുട്ടിയുടെ പഴയ മാഷ് തന്നെയാ. അതുകൊണ്ട് അത് തന്നെ വിളിച്ചാൽ മതി. അതല്ലെങ്കിൽ ഞാൻ ഇപ്പഴേ പോയേക്കാം." മാഷ് അന്നേരം പറഞ്ഞതിന് എനിക്കൊന്നും മറുപടി കൊടുക്കാൻ തോന്നിയതേ ഇല്ല.
"എന്നാൽ ശരി, ഞാൻ ഇനിയും നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല. നിനക്ക് ഇപ്പഴും എന്നോട് വാശിയും ദേഷ്യവും ആണ്. നീ ഇപ്പഴും എന്റെ ആരതിക്കുട്ടി തന്നെയാണ് എന്ന് കരുതിയാ ഞാൻ ഇത്രയും സംസാരിച്ചത്. അല്ലാന്ന് മനസ്സിലാക്കിയ സ്ഥിതിക്ക് ഞാൻ പോവാണ്." എന്നും പറഞ്ഞ് മാഷ് പോവാനെഴുന്നേൽക്കാൻ നേരം ഞാൻ അറിയാതെ മാഷിനെ പിടിച്ചിരുത്തി.
"അപ്പോൾ എന്നോട് ദേഷ്യം ഇല്ല ലെ? നീയും എന്നെ വീണ്ടും കാണാനും സംസാരിക്കാനും ആഗ്രഹിച്ചിരുന്നില്ലേ?"
"ഉം"മാഷിന്റെ ചോദ്യത്തിന് മറുപടിയെന്നോണം ഞാൻ ഒന്ന് മൂളി.
"ഇനി പറ, എങ്ങനുണ്ട് നിന്റെ പുതിയ ജീവിതം? പേരിന്റെ കൂടെ ഒരു അഡ്വക്കേറ്റ് ഒക്കെ കണ്ടു. അതൊക്കെ എപ്പോൾ സങ്കടിപ്പിച്ചു?" മാഷ് അന്വേഷണങ്ങൾ തുടങ്ങി.
"ജീവിതം സന്തോഷായിട്ട് മുന്നോട്ട് പോവുന്നു. പിന്നെ അഡ്വക്കേറ്റ്, അതൊക്കെ വർഷങ്ങൾക്ക് മുന്നേ നേടിയതാ മാഷേ. സോറി SP സാറെ." എന്റെ മറുപടി കേട്ട് മാഷ് എന്നെ തറപ്പിച്ച് നോക്കി.
"എന്റെ ആരതിക്കുട്ടീ, നീ എന്നെ പണ്ട് എന്താണോ വിളിച്ചിരുന്നത് അത് തന്നെ വിളിക്ക്. നമുക്കിടയിൽ എന്തിനാണ് ഒരു ഔപചാരികത." മാഷിന്റെ ശുണ്ഠി കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. മാഷിന്റെ പഴയ കളിക്കൂട്ട്കാരിയാവുകയായിരുന്നോ ആ നിമിഷം മുതൽ ഞാൻ? അറിയില്ല.
"നിന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞില്ലല്ലോ, ഭർത്താവ് എന്ത് ചെയ്യുന്നു? എത്ര കുട്ടികളായി നിങ്ങൾക്ക്? അവര് കൂടെ ഉണ്ടെങ്കിൽ എനിക്ക് അവരെ പരിചയപ്പെടുത്തി താ."
മാഷിന്റെ ആ ചോദ്യം കേട്ട് ഞാൻ ബാബുവിനെ ഫോൺ എടുത്ത് വിളിച്ച് മോളെയും കൂട്ടി അങ്ങോട്ട് വരാൻ പറഞ്ഞു.
"അമ്മേ" മോൾ എന്നെ വിളിച്ചോണ്ട് വന്ന് എന്റെ അടുത്ത് എന്നെ ചാരി നിന്നു.
"എന്താ മോൾടെ പേര്?" മാഷ് മോളോടായി ചോദിച്ചു.
"നന്ദു. അമ്മ നന്ദൂട്ടീന്ന് വിളിക്കും."
"ആഹാ, മോൾക് എന്റെ പേരാണല്ലോ. എന്നെ ചിലർ നന്ദൻ അല്ലെങ്കിൽ നന്ദാ എന്നൊക്കെ വിളിക്കാറുണ്ട്. മോൾടെ അമ്മക്കറിയാം അത്." അതും പറഞ്ഞ് മാഷ് എന്നെ നോക്കിയെങ്കിലും ഞാൻ മാഷിനെ നോക്കിയില്ല.
"മോൾക് എന്നെ മനസ്സിലായോ? ഞാൻ മോൾടെ അമ്മയുടെ ഒരു പഴയ സുഹൃത്താണ്."
"ഹരിമാഷ് അല്ലെ?" മാഷിന്റെ ചോദ്യത്തിന് നന്ദൂട്ടിയുടെ മറുപടി പെട്ടെന്നായിരുന്നു.
"മോൾക് എങ്ങനെ എന്നെ അറിയാം?"
"അമ്മയുടെ ഒരു പഴയ ഡയറിയുടെ ചട്ടയിൽ അമ്മ മാഷിനെ വരച്ച് വെച്ചിട്ടുണ്ട്. താഴെ ഹരിമാഷ് എന്നൊരു അടിക്കുറിപ്പും ഞാൻ കണ്ടിരുന്നു."
"ഹ ഹ ഹ, മോൾടെ അമ്മക്ക് പണ്ട് അങ്ങനെ ചില വട്ടുകളുണ്ടായിരുന്നു." മോൾടെ മറുപടിക്ക് മാഷ് തന്നെ മറുപടിയും കൊടുത്തു.
"മോള് എന്നെ മാഷെന്നൊന്നും വിളിക്കണ്ട. ഹരി അങ്കിൾ എന്ന് വിളിച്ചാൽ മതി. മോൾ ഏത് ക്ലസ്സിലാ പഠിക്കുന്നത്?"
"ഇനി അഞ്ചാം ക്ലാസ്സിലേക്കാ അങ്കിൾ." മോളുടെ മറുപടി കഴിഞ്ഞ് ഞാൻ ഇടപെട്ടു.
"ഞങ്ങൾ ഇത്രയും നാൾ ഗൾഫിലായിരുന്നു. എനിക്ക് അവിടെയായിരുന്നു ജോലി. മോള് പഠിച്ചിരുന്നതും അവിടെയായിരുന്നു. ഇപ്പോൾ അമ്മക്ക് സുഖമില്ലാത്തത് കൊണ്ട് ഞങ്ങൾ നാട്ടിൽ സ്ഥിരമാക്കാന്ന് വിചാരിച്ചു. മോൾക്ക് നാടാണ് കൂടുതൽ ഇഷ്ടം. മോൾടെ സ്കൂൾ അഡ്മിഷൻ എല്ലാം ശരിയാക്കി കഴിഞ്ഞ് എനിക്ക് ഇനി ഇവിടെ ഒരു ഓഫീസ് തുടങ്ങണം. അതൊക്കെയാണ് ഞങ്ങളുടെ ഭാവി പരിപാടികൾ. അല്ലെ നന്ദൂട്ടി?"
"തീർച്ചയായും. എനിക്ക് ഇവിടെ മുത്തശ്ശൻറേം മുത്തശ്ശിയുടേം കൂടെ താമസിച്ച്, ഇവിടുള്ള ബന്ധുക്കളുടെ എല്ലാം വീടുകളിൽ പോയി, വീടിനടുത്തുള്ള കുട്ടികളും ഒക്കെ ആയി കളിക്കാൻ, പിന്നെ ബന്ധു വീടുകളിലും നാട്ടിലും ഒക്കെ നടക്കുന്ന പരിപാടികൾക്കൊക്കെ പോയി സദ്യ ഉണ്ട് കുശാലായിട്ട് നാട്ടിൽ ജീവിക്കണം. ഇതൊന്നും ഗൾഫിൽ ജീവിച്ചാൽ കിട്ടൂല അങ്കിൾ."
"ഹ ഹ ഹ, നീ ആള് കൊള്ളാലോടി കാന്താരീ" എന്റെ ചോദ്യത്തിനുള്ള നന്ദൂട്ടിയുടെ മറുപടി കേട്ട് മാഷ് ചിരിച്ചു.
"അപ്പോൾ മോൾക് അമ്മയെ ഇഷ്ടം അല്ലെ?"
"അതെന്ത് ചോദ്യമാ അങ്കിളേ, നന്ദൂട്ടിയുടെ ജീവനും ഊർജ്ജവും എല്ലാം എന്റെ ഈ അമ്മയല്ലേ. അമ്മയില്ലെങ്കിൽ പിന്നെ നന്ദൂട്ടി ഇല്ല. നന്ദൂട്ടി ഇല്ലെങ്കിൽ എന്റെ ഈ അമ്മയും" മാഷിന്റെ ചോദ്യത്തിനുള്ള മോൾടെ മറുപടി കേട്ട് ബാബു ഇടപെട്ടു.
"അയ്യോ നന്ദൂട്ടി മതി നിന്റെ ഈ അമ്മപ്പുരാണം. ഞങ്ങൾക്കറിയാം നിങ്ങൾ അമ്മയും മോളും ഒരു നാണയം പോലെ ആണെന്ന്. സാർ അത് അറിയാതെ ചോദിച്ച് പോയതാ. സാറിനെ വെറുതെ വിട്ടേക്ക്."
"ഹ ഹ ഹ" ബാബുവിന്റെ സംസാരം കേട്ട് മാഷ് ബാബുവിനെ നോക്കി. "ഇത് ആരതിയുടെ അമ്മാവന്റെ മകനല്ലേ? ബാബു. ഇവനിപ്പോ എന്താ ചെയ്യുന്നത്?"
"അതെ. ഞാൻ ഇപ്പോ എഞ്ചിനീയറിംഗ് കഴിഞ്ഞു സാർ. ഇനി എന്തേലും ജോലി നോക്കണം. അല്ലെങ്കിൽ തുടർന്ന് പഠിക്കണം."
"ആ നിന്നെ ഞാൻ ചെറുതായിരിക്കുമ്പോൾ ആരതിയുടെ വീട്ടിൽ വന്ന് കണ്ട ഒരു ഓർമയുണ്ട്. ഇപ്പോ ഒത്തിരി വലിയ പയ്യനായി"
"ഉം" അവൻ ഒന്ന് മൂളി.
"എങ്കിലും മോൾടെ അമ്മ ഇത്ര നന്നായി എഴുതും എന്ന് അങ്കിൾ അറിഞ്ഞിരുന്നില്ല. മോള് എങ്ങനെ സഹിക്കുന്നു ഈ അമ്മയെ?" മാഷ് എന്നെ കളിയാക്കി മോളോടായി പറഞ്ഞു.
"ഹ ഹ ഹ, പാവല്ലേ അങ്കിൾ എന്റെ അമ്മ. ഇങ്ങനെ ഒക്കെ പറയാവോ?" നന്ദൂട്ടിയും എന്നെ കളിയാക്കി നോക്കി മാഷിന് നേരെ കണ്ണിറുക്കി ചിരിച്ചു.
"അല്ലെങ്കിലും സാർ, ചില നഷ്ട പ്രണയങ്ങളാണ് ചിലരെ ഉയർന്ന ഭാവനയും ചിന്താശേഷിയും ഉള്ള നല്ല കവികളും, കഥാകൃത്തുക്കളും ആക്കി മാറ്റുന്നത്." ഇടക്ക് കേറിയുള്ള ബാബുവിന്റെ കമന്റ് ആയിരുന്നു അത്.
"നഷ്ടപ്രണയമോ? ആർക്ക്? ആരതിക്കോ? ഏയ്, ഞാൻ വിശ്വസിക്കില്ല." മാഷ് ഉടനെ മറുപടി പറഞ്ഞു.
അന്നും ഇന്നും എന്നും മാഷിന്റെ പെണ്ണാവാനായിരുന്നു എനിക്കേറെയിഷ്ടമെന്നും, പക്ഷെ എനിക്ക് മുന്നിൽ മാഷ് മാഷിന്റെ പ്രാരാബ്ധങ്ങളുടേയും ബാധ്യതകളുടെയും കെട്ടഴിച്ചപ്പോൾ നഷ്ടപ്രണയങ്ങളുടെ കണക്കുപുസ്തകത്തിൽ ഒരേടാവുകയായിരുന്നു എന്റെ പ്രണയം എന്ന് മാഷിനറിയില്ലല്ലോ.
"ഈ നഷ്ടപ്രണയം ഉള്ളവരല്ലേ സാറെ ആത്മഹത്യക്കൊക്കെ ശ്രമിക്കാറ്. അതോണ്ട് പറഞ്ഞു പോയതാ." ബാബു വീണ്ടും സംസാരിച്ച് തുടങ്ങി.
"ആത്മഹത്യക്ക് ശ്രമിക്കേ? ആര്? ഇവനിത് എന്തൊക്കെയാ ഈ പറയുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല." മാഷ് ആകെ ആശയക്കുഴപ്പത്തിലെന്ന പോലെ ചോദിച്ചു.
"ഈ ബാബു മാമന്റെ ഒരു കാര്യം. അമ്മയുടെ ഒരു നല്ല വിമർശകനാണ് മാമൻ. അതുകൊണ്ട് ചുമ്മാ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. മാമൻ വന്നേ. നമുക്കൊന്ന് ചുറ്റിയടിച്ചിട്ട് വരാം." അതിനിടക്ക് നന്ദൂട്ടി കേറി ഇടപെട്ടു.
"എന്നാൽ ശരി ചേച്ചി ഞങ്ങൾ പോയി ഓരോ ഐസ് ക്രീം ഒക്കെ കഴിച്ചിട്ട് വരാം."
"എന്നാൽ ശരി അങ്കിൾ, നിങ്ങൾ പഴയ ആത്മ മിത്രങ്ങൾ സംസാരിച്ചിരിക്കു. ഞങ്ങൾ പോയി വരാം." മാഷിനോടും എന്നോടും യാത്ര പറഞ്ഞ് നന്ദൂട്ടി ബാബുവിനോടൊപ്പം പോയി.
"മോൾടെ അച്ഛനെ പറ്റി ഇപ്പഴും നീ ഒന്നും പറഞ്ഞില്ല. ആരതിക്കുട്ടിയുടെ ഭർത്താവ് നിങ്ങളുടെ കൂടെ ഗൾഫിൽ നിന്ന് വന്നില്ലേ?" അവര് പോയതും പെട്ടെന്നായിരുന്നു മാഷിന്റെ ചോദ്യം.
"എന്റെ മോൾക്ക് അച്ഛനില്ല, അമ്മ മാത്രേ ഉള്ളു."
"ആരതീ, നീ എന്തൊക്കെയാ ഈ പറയുന്നത്?" എന്റെ മറുപടിക്ക് ഒരു നെഞ്ചിടിപ്പോടെയായിരുന്നു മാഷിന്റെ ചോദ്യം. "നിന്റെ ഭർത്താവിന് എന്താ പറ്റിയത്?"
"എന്റെ നന്ദൂട്ടിക്ക് അച്ഛനോ, എനിക്കൊരു ഭർത്താവോ ഇല്ല മാഷേ. നന്ദൂട്ടിയെ ഞാൻ അവൾക്ക് ഒരു വയസ്സ് പ്രായമാകുമ്പോൾ ദത്തെടുത്ത് വളർത്തുന്നതാ. എന്റെ നന്ദൂട്ടിക്ക് ഈ അമ്മ മാത്രേ ഉള്ളു. എനിക്ക് എന്റെ നന്ദൂട്ടിയും."
എന്റെ മറുപടികേട്ടിട്ടാണെന്ന് തോന്നുന്നു പിന്നെ മാഷ് കുറച്ച് നേരത്തിനൊന്നും മിണ്ടിയില്ല. പിന്നെ ഞാൻ തന്നെ പറഞ്ഞു തുടങ്ങി.
"പണ്ടൊരിക്കൽ ഞാൻ ഒരു ആത്മഹത്യാ ശ്രമം നടത്തി. പക്ഷെ അത് പരാജയപ്പെട്ടു. പക്ഷെ അതറിഞ്ഞ് അച്ഛന് നെഞ്ചുവേദന വന്നു. അച്ഛൻ ഗൾഫിൽ ഹോസ്പിറ്റലിലൊക്കെ ആയി. അതിനു കാരണം ഞാൻ ആണെന്ന് പറഞ്ഞ് എല്ലാരും എന്നെ കുറ്റപ്പെടുത്തി. പക്ഷെ പിന്നെ ഞാൻ ആരോടും മിണ്ടാതെ ആയി. അങ്ങനെ അച്ഛൻ നാട്ടിൽ വന്നു. എന്നെ സമയത്തിന് കല്യാണം കഴിച്ച് വിടാത്തത് കൊണ്ടാ ഞാൻ അങ്ങനെ ഒക്കെ ചെയ്തതെന്ന് അച്ഛൻ അച്ഛന്റെ സങ്കടം പറഞ്ഞു. പിന്നെ ഒരു ഏറ്റു പറച്ചിലും, മനപ്പൂർവ്വം അവരതിന് ശ്രമിക്കാതിരുന്നതല്ല, എന്റെ ചൊവ്വാ ദോഷം കൊണ്ട് അത് നടക്കാതെ പോയതാണ് എന്നൊക്കെ പറഞ്ഞു. എല്ലാം കൂടി ആയപ്പോൾ എനിക്ക് എന്റെ സമനില തെറ്റിത്തുടങ്ങിയിരുന്നു. പിന്നീട് കുറെ നാളത്തെ കൗണ്സിലിങ്ങും ട്രീറ്റ്മെന്റും ഒക്കെ ആയി ഞാൻ സമനില വീണ്ടെടുത്തു. പിന്നീട് പഠനം പൂർത്തിയാക്കി. ജോലിക്ക് കയറി. എന്റെ കല്യാണം എന്ന മോഹം ഞാൻ പാടെ ഉപേക്ഷിച്ചു. അതുകൊണ്ട് അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് വേണ്ടി അനിയനെ നേരത്തെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. പക്ഷെ അവിടെയും ഞാൻ വില്ലത്തി ആയി. ചൊവ്വാദോഷം ഉള്ള, മാനസികനില തകരാറിലായ ഒരു സഹോദരിയുള്ള വീട്ടിലേക്ക് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് തരാൻ പറ്റില്ലാന്ന് പറഞ്ഞ് ചില വിവാഹാലോചനകൾ മുടങ്ങിപ്പോയി. അതെല്ലാം കൂടി ആയപ്പോൾ ഞാൻ നാട്ടിൽ നിന്നും പോവാന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ ഞാൻ തനിച്ചാവാതിരിക്കാൻ, എനിക്ക് സ്നേഹിക്കാൻ, എന്നെ സ്നേഹിക്കാൻ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.അതിന് അച്ഛനും അമ്മയും അനിയനും സപ്പോർട്ടായിരുന്നു. അങ്ങനെയാണ് ഞാൻ നന്ദൂട്ടിയെ ദത്തെടുക്കുന്നതും ഞാൻ മോളെയും കൊണ്ട് ഗൾഫിൽ പോയി ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ലീഗൽ അഡ്വൈസറായി ജോലി നോക്കി അവിടെ താമസമാക്കിയതും."
"നന്ദൂട്ടിക്ക് അറിയോ അവൾ നിന്റെ ദത്തുപുത്രിയാണെന്ന്?" ഞാൻ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ മാഷ് ചോദിച്ചു.
"അറിയാം. നന്ദൂട്ടിയെ ദത്തെടുത്ത അനാഥാലയത്തിൽ ഞങ്ങൾ നാട്ടിൽ വരുമ്പോൾ പോവാറുണ്ടായിരുന്നു. മോൾക് തിരിച്ചറിവായപ്പോൾ അവിടുത്തെ സിസ്റ്റേഴ്സ് നന്ദൂട്ടിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോ നന്ദൂട്ടിക്ക് എല്ലാം അറിയാം. എന്നെ പറ്റിയും ഇപ്പോ എന്റെ നന്ദൂട്ടിക്ക് നന്നായറിയാം. ഈ ലോകത്ത് എന്നെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്ന ഒരാളുള്ളത് എന്റെ നന്ദൂട്ടിയാണ്. അവളാണ് എന്റെ ധൈര്യവും ശക്തിയും എല്ലാം. അല്ലെങ്കിൽ ഞാൻ വെറും ഒരു വരണ്ട ഭൂമി ആയിപ്പോയേനെ."
"ഉം. ഇപ്പോൾ അരുണിന്റെ കല്യാണം നടന്നോ?"
"അതെ. അവനും ഭാര്യയും കുഞ്ഞും ഇപ്പോൾ വിദേശത്താണ്."
"നീ ഈ ചൊവ്വാ ദോഷത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ ആരതി?"
"അങ്ങനെ ചില വിശ്വാസങ്ങളാണ് മാഷേ എന്നെ ഇപ്പഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും, ഞാൻ ഇന്ന് എന്റെ നന്ദൂട്ടിയുടെ അമ്മയാകാൻ കാരണമായതും. അല്ലെങ്കിൽ ഞാൻ പണ്ടേ പ്രതീക്ഷയറ്റ ജീവിതം ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നേ പോയേനെ."
"നീ എന്തിനാ മുൻപ് ആ ആത്മഹത്യാ ശ്രമം നടത്തിയത്? ഞാൻ കാരണം തന്നെ ആയിരിക്കും അല്ലെ? അല്ലാതെ നിനക്ക് ആത്മഹത്യക്ക് ശ്രമിക്കണ്ട വേറെ കാരണങ്ങളൊന്നും ഇല്ലായിരുന്നല്ലോ."
"ഏയ് അല്ല മാഷേ, അമ്മയും അരുണും അച്ഛന്റെ അടുത്തേക്ക് പോയപ്പോൾ ഞാൻ ഒറ്റപ്പെട്ട പോലെ തോന്നി. പിന്നെ വീട്ടിൽ പോവാതെ ഹോസ്റ്റലിൽ തന്നെ ഇരുന്നപ്പോ തനിച്ചായ പോലെ തോന്നി. അപ്പഴത്തെ പൊട്ട ബുദ്ധിക്ക് പറ്റിപ്പോയതാ. പക്ഷെ ഹോസ്റ്റലിലെ മറ്റ് പിള്ളേര് കണ്ട് രക്ഷപ്പെടുത്തുവായിരുന്നു. അല്ലേലും എന്റെ വായനക്കാര് ഇനിയും ഞാൻ എഴുതുന്നത് വായിച്ച് കഷ്ടപ്പെടട്ടേന്ന് വെച്ച് ചിത്രഗുപ്തനും കാലനും അന്നേരം ഓടിരക്ഷപ്പെട്ടതാവും എന്റടുത്തൂന്ന്."
"നിന്റെ ഈ ചളിക്കൊന്നും ഇപ്പഴും ഒരു കുറവും ഇല്ല ലെ ആരതിക്കുട്ടീ. നീ ഇപ്പൊ പറഞ്ഞത് ഞാൻ വിശ്വസിച്ചോട്ടെ. ഞാൻ കാരണം അല്ല നീ അത് ചെയ്തതെന്ന്."
"ഉം" (കാത്തിരിപ്പാണ് ഏറ്റവും വലിയ വേദന എന്ന് വിചാരിച്ചിരുന്ന ഞാൻ, ആ കാത്തിരിപ്പ് അവസാനിക്കുന്നതാണ് ഏറ്റവും വലിയ വേദന എന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ് ഞാൻ അത് ചെയ്തതെന്ന് എനിക്ക് മാഷോട് പറയാൻ തോന്നിയില്ല. പാവാണ് എന്റെ മാഷ്. എല്ലാം എന്റെ തെറ്റായിരുന്നു. എല്ലാം ഞാനായിട്ട് വരുത്തി വെച്ചതായിരുന്നു. സത്യം പറഞ്ഞു വീണ്ടും മാഷിനെ വെറുപ്പിക്കാൻ തോന്നിയില്ല)
"എന്നാലും സോറി ആരതിക്കുട്ടീ"
"അതെന്തിനാ മാഷേ സോറി?"
"നിന്നോട് പിണങ്ങിയതിന്, നിന്നെ തനിച്ചാക്കിയതിന്, ഒരുപക്ഷെ നമ്മുടെ സൗഹൃദം അന്നും ഉണ്ടായിരുന്നെങ്കിൽ നീ അങ്ങനെ ചെയ്യില്ലായിരുന്നു. ഒരു പരിധി വരെ ഞാനും അതിന് ഉത്തരവാദിയാണ്. നിന്നെ മനസ്സിലാക്കിയില്ല, നിന്റെ സ്നേഹത്തെ ഞാൻ മനസ്സിലാക്കിയില്ല. സോറി ആരതി."
"ഉം"
"എന്റെ കല്യാണം പറയാൻ ഞാൻ വീട്ടിൽ വിളിച്ചിരുന്നു. പക്ഷെ ആരും ഫോൺ എടുത്തില്ല. അങ്ങനെ ഞാൻ വീട് അന്വേഷിച്ച് വന്നു. പക്ഷെ അവിടെയും ആരും ഉണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ ഉമ്മ ഞാൻ അവിടെ നിന്ന് തിരിയുന്നത് കണ്ടപ്പോ പറഞ്ഞു അവരൊക്കെ ദുബായിലാണെന്ന്. അതും പറഞ്ഞ് ആ ഉമ്മ അകത്തേക്ക് കയറിപ്പോയി."
"ഹ ഹ ഹ, ഞാൻ അന്ന് പോയിട്ടില്ലായിരുന്നു. ഞാൻ തിരുവനന്തപുരത്തായിരുന്നു അന്ന്. ആ ഉമ്മക്ക് അത് പറയാൻ അറിയാത്തോണ്ട് ചിലപ്പോൾ ഒറ്റവാക്കിൽ പറഞ്ഞ് അവസാനിപ്പിച്ചതാവും. കൂടുതൽ ചോദ്യങ്ങൾ ആവർത്തിക്കാതിരിക്കാൻ. "
"പിന്നീട് ഞാനും സുരഭിയും ഒന്നിച്ച് വീട്ടിൽ വന്നിരുന്നു. അന്നും നിങ്ങളാരും വീട്ടിലുണ്ടായിരുന്നില്ല."
"അത് ഞങ്ങൾ അറിഞ്ഞിരുന്നില്ലല്ലോ മാഷേ"
"അന്ന് ഞങ്ങൾ വന്നത് ആരും കണ്ടില്ലായിരുന്നു"
"സുരഭിയെന്നാണോ മാഷിന്റെ ഭാര്യയുടെ പേര് ?"
"അതെ ആരതിക്കുട്ടി. ഞങ്ങൾക്ക് രണ്ട് പെൺകുട്ടികൾ. ആതിര, ആര്യ. നിന്റെ പേരിനോട് സാമ്യമുള്ള പേരുകളാ രണ്ടുപേർക്കും."
"ഉം"
"നീ എന്നോട് ഈ യൂണിഫോമിനെ പറ്റിയോ, ഇതെനിക്ക് എങ്ങനുണ്ടെന്നോ ഒന്നും പറഞ്ഞില്ലല്ലോ ആരതിക്കുട്ടീ. നീ എപ്പഴും പറയുമായിരുന്നില്ലേ മാഷിന് പോലീസ് യൂണിഫോമും, IPS ഒക്കെ ആണ് ചേരുന്നതെന്ന്."
"ശരിക്കും മാഷിനെ ഈ ലുക്കിൽ കണ്ടപ്പോൾ ശരിക്കും എനിക്ക് അതൊരു വിശ്വസിക്കാൻ പറ്റാത്ത കാഴ്ചയായിരുന്നു. ഞാൻ മാഷിനെ വീണ്ടും കാണുമ്പോൾ ഒരു പ്രാരാബ്ധക്കാരനായ പ്രവാസിയായിട്ടായിരിക്കും കാണുന്നത് എന്നാ വിചാരിച്ചിരുന്നത്. എന്നാലും ഈ IPS ഒക്കെ എങ്ങനെ സങ്കടിപ്പിച്ചു?"
"അതൊക്കെ ഒരു കഥയാ ആരതിക്കുട്ടീ. നിനക്ക് ഓർമ്മയുണ്ടോ നമ്മൾ അവസാനമായിട്ട് സംസാരിച്ചത്? അതിനു ശേഷം ഒരു 4 മാസം കഴിഞ്ഞു കാണും നാട്ടിൽ നിന്ന് വിളി വന്നു, എനിക്ക് SI സെലക്‌ഷൻ കിട്ടിയ കത്ത് വന്നിട്ടുണ്ട്.ഉടനെ നാട്ടിൽ വരണം എന്നും പറഞ്ഞോണ്ട്. ബാധ്യതകളൊക്കെ ഒരു വിധം അവസാനിച്ച് തുടങ്ങിയിരുന്നത് കൊണ്ട് അവിടുത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് SI ട്രെയിനിങ്ങും ഒക്കെ കഴിഞ്ഞ് പോസ്റ്റിങ്ങും ആയി. അപ്പഴും മനസ്സിലുണ്ടായിരുന്നു ആ യൂണിഫോം ഒക്കെ ഇട്ട് നിന്നെ നേരിൽ വന്നൊന്ന് കണ്ട് ഞെട്ടിപ്പിക്കണം എന്ന്. പക്ഷെ അതിനിടക്ക് അമ്മക്ക് സുഖം ഇല്ലാതായി. വീട്ടിൽ ആളില്ലാന്നും പറഞ്ഞ് ബന്ധുക്കളെല്ലാം കൂടി സുരഭിയെ കണ്ടെത്തി വിവാഹം ഉറപ്പിച്ചു. പക്ഷെ അത് അറിയിക്കാൻ ശ്രമിച്ചപ്പോൾ നിങ്ങളാരും നാട്ടിൽ ഇല്ലെന്നാ അന്ന് അറിഞ്ഞത്. പിന്നെ ബാധ്യതകളെല്ലാം തീർന്നപ്പോൾ ഞാൻ സിവിൽ സർവീസ് പരീക്ഷയ്ക്കായി പഠിച്ചു. അത് നേടി എടുത്തു. ഇപ്പോ ഒരു SP ആയി ഇതാ നിന്റെ മുന്നിൽ ഇരിക്കുന്നു."
"ഹ ഹ ഹ എന്തായാലും എല്ലാം നല്ലതിനായിരുന്നു മാഷേ."
"പിന്നെ ആരതിക്കുട്ടീ, ഞാൻ ഇന്ന് വരെ നിന്റെ ബ്ലോഗ് വായിച്ചിട്ടില്ല. കാരണം മുൻപ് ഗോപി മാഷ് കാണിച്ച് തന്നപ്പോൾ ബ്ലോഗിന്റെ പേര് ഞാൻ ശ്രദ്ധിച്ചു. 'മാഷിന്റെ കളിക്കൂട്ടുകാരി'. എനിക്ക് നിന്റെ ഫോട്ടോ അതിൽ കാണിച്ച് തരും മുൻപേ നിന്നെ തിരിച്ചറിയാൻ ആ പേര് തന്നെ മതിയായിരുന്നു"
"ഉം, പിന്നെ എന്താ മാഷ് അത് വായിക്കാൻ ശ്രമിക്കാതിരുന്നത്?"
"എനിക്കറിയാം, അതിൽ ആങ്ങിയും ഓങ്ങിയും താങ്ങിയും എന്നെക്കുറിച്ച് തന്നെയായിരിക്കും എഴുതി സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്ന്. അതിലൂടെ നിന്നിലെ എന്നെ ഞാൻ മനസ്സിലാക്കിയാൽ ഞാൻ നിനക്ക് മുന്നിൽ വീണ്ടുമൊരുപാട് ബാധ്യതകളുടെയും കടമകളുടേയും ഭാണ്ഡക്കെട്ടഴിക്കേണ്ടി വരും."
"ഉം"
"എങ്കിൽ നമുക്ക് വല്ലതും കഴിച്ചിട്ട് പിരിയാം. ഞാൻ പോയി മോളെയും ബാബുവിനെയും വിളിച്ചിട്ട് വരാം. ആ തട്ടകടയിൽ പോയി തൽക്കാലം വല്ലതും കഴിക്കാം.
"എന്നാ ശരി. മാഷിന്റെ ഇഷ്ടം പോലെ."
ഞങ്ങൾ നാലുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നന്ദൂട്ടി മാഷിന്റെ അടുത്ത് വളരെ അടുപ്പം ആയി അപ്പഴത്തേക്ക്. ഞാനും ബാബുവും മാഷിനോട് യാത്ര പറഞ്ഞ് കാറിൽ കയറാൻ വന്നിട്ടും മാഷ് നന്ദൂട്ടിയോട് സംസാരിച്ച് നിൽക്കുവായിരുന്നു. ഒടുവിൽ നന്ദൂട്ടിയുടെ നെറുകിൽ ഒരു മുത്തം കൊടുത്ത് മാഷ് തന്നെ നന്ദൂട്ടിയെ കൈ നിറയെ കളിപ്പാട്ടങ്ങളും മിട്ടായികളും ഒക്കെ വാങ്ങിക്കൊടുത്ത് എന്റെ അടുത്ത് കൊടുന്നാക്കി.
"അമ്മേ, ഹരി അങ്കിൾ പറയുവാ, നന്ദൂട്ടിയുടെ അമ്മ ഒരു പാവം പൊട്ടിയാ. അമ്മയെ നന്നായി നോക്കിക്കോണം, ഒരിക്കലും വേദനിപ്പിക്കരുത്, തനിച്ചാക്കി പോവുകയും ചെയ്യരുത് എന്നൊക്കെ."
"അപ്പൊ മോള് അങ്കിൾ പറഞ്ഞത് അനുസരിക്കില്ലേ?"
"തീർച്ചയായും അങ്കിൾ."
"എന്നാൽ ഇതൊക്കെ നമുക്ക് ഇപ്പൊ കാറിലേക്ക് വെക്കാം?"
"ശരി അങ്കിൾ."
"എന്തിനാ മാഷേ ഇതൊക്കെ?"
"എന്താ ആരതി, ഞാൻ ഈ ചെയ്തതൊക്കെ ചെയ്യാൻ പാടില്ലാത്തതാണോ?"
"അയ്യോ മാഷേ , അങ്ങനെ അല്ല."
"എന്നാൽ നന്ദൂട്ടിക്ക് ഇന്ന് മുതൽ അമ്മയെ പോലെ തന്നെ എന്തിനും ഈ അങ്കിളും ഉണ്ടാവും. ഇന്ന് മുതൽ എനിക്ക് മൂന്ന് പെൺകുട്ടികളാ."
"മോള് സമയം കിട്ടുമ്പോൾ ഒക്കെ വീട്ടിൽ വരണം. അവിടെ ഒരു ആന്റിയും ഒരു ചേച്ചിയും ഒരു അനിയത്തി കുട്ടിയും പിന്നെ ഒരു മുത്തശ്ശിയും ഉണ്ട് നന്ദൂട്ടിക്ക്."
"അമ്മ സമ്മതിച്ചാൽ ഞാൻ വരാം അങ്കിൾ"
"ഞാൻ ഇപ്പഴേ എന്റെ നന്ദൂട്ടിക്ക് സമ്മതം തന്നിരിക്കുന്നു."
"താങ്ക്യൂ അമ്മേ, ഉമ്മ!"
"എന്നാൽ ഞാൻ ഇപ്പോ പൊയ്ക്കോട്ടേ?"
"ഉം"
"ബൈ ആരതീ"
മാഷ് ഔദ്യോഗിക വാഹനത്തിൽ കയറിപ്പോവുന്നതും നോക്കി ഞാനും നന്ദൂട്ടിയും നോക്കി നിന്നു.
"ഹരി അങ്കിളും അമ്മയെ പോലെ ഒരു പാവം ആണല്ലേ അമ്മേ?"
"ഉം". ഞാൻ നന്ദൂട്ടിയെ ചേർത്ത് പിടിച്ച് അവളുടെ നെറുകയിൽ ചുംബിച്ചു.
ഇത്രയൊക്കെ അല്ലേ മാഷേ ഞാനും ആഗ്രഹിച്ചിരുന്നുള്ളൂ. എന്നും എനിക്ക് ഒരു കരുതലായും തണലായും സപ്പോർട്ടായും കൂടെ ഉണ്ടാവണം എന്ന്. ഇന്നിപ്പോൾ അത് എന്റെ നന്ദൂട്ടിക്കും കിട്ടുന്നു. എന്റെ വിധി നിയോഗങ്ങളും, എന്റെ പ്രണയവും എല്ലാം തോറ്റുപോയത് എന്റെ ഒരു നല്ല സുഹൃത്തിനും സൗഹൃദത്തിനും മുന്നിലാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. ഇത്ര ഒക്കെ മതി മാഷേ എന്റെ ജീവിതം സഫലമാവാൻ. മനസ്സുകൊണ്ട് ഒരായിരം നന്ദി എന്റെ മാഷിന് പറഞ്ഞുകൊണ്ട് ഞാനും എന്റെ നന്ദൂട്ടിയും അവിടുന്ന് യാത്ര തിരിച്ചു.



സൗദ ബിൻത് ബഷീർ

No comments:

Post a Comment