SOUDA BINTH BASHEER

SOUDA BINTH BASHEER
SOUDA BINTH BASHEER

Tuesday 5 August 2014

അവിവാഹിതയായ വിധവ

               
                  ആതുര സേവനത്തിൽ താൽപ്പര്യം തോന്നിയാണ് അവൾ ഹോംനഴ്സിംഗ് ജോലി തിരഞ്ഞെടുത്തത്. ഇന്ന് മുതൽ അവൾക്ക് ഡ്യൂട്ടി ഒരു പുതിയ വീട്ടിലാണ്. അവൾ ആ വീടിന്റെ മുന്നിൽ കാർ ഇറങ്ങി നിന്ന് അവിടെ മുഴുവനും ഒന്നു കണ്ണോടിച്ചു. "ഇന്നു മുതൽ സാറിന്റെ കാര്യങ്ങൾ എല്ലാം നോക്കേണ്ടത് കുട്ടിയാണ്". അവൾ പെട്ടെന്ന് ഒരു അമ്പരപ്പോടെ തല തിരിച്ച് നോക്കി. ആ കാറിന്റെ ഡ്രൈവർ ആയിരുന്നു അത്. ഡ്രൈവർ വീട്ടിനകത്തേക്ക് അവളെ കൂട്ടി. ആളനക്കമില്ലാതെ വിജനമായിരുന്നു ആ വീടിന്റെ അകം. "ഇവിടെ സാർ മാത്രമേ ഉള്ളു, പിന്നെ സഹായത്തിനായി ഞാനും". ഡ്രൈവർ വീണ്ടും സംസാരിച്ചു തുടങ്ങി. "കുട്ടിക്ക് സാറിനെ കാണണ്ടെ? എന്റെ കൂടെ വന്നോളു". അവൾ ആ ഡ്രൈവറോടൊപ്പം ഒരു വലിയ മുറിയിലേക്ക് നടന്നു കയറി. "ആ കിടക്കുന്നതാണ് സാർ". ജീവനറ്റ ശരീരം കിടക്കും പോലെ കട്ടിലിൽ കിടക്കുന്ന യുവാവിനെ കാണിച്ച് ആ ഡ്രൈവർ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്ക്കും മറ്റും അയാളുടെ ശരീരത്തിൽ ഒരുപാട് ട്യൂബുകളും, കവറുകളും മറ്റും ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. "ഇത് സാറിന്റെ മുറിയാണ്, ഇനി മുതൽ കുട്ടിയുടെ ജോലി സ്ഥലവും. ബാഗെല്ലാം ആ മേശയിലോട്ട് വെച്ചോളു". അവളോട് അതും പറഞ്ഞ് ആ ഡ്രൈവർ കട്ടിലിൽ കിടക്കുന്ന യുവാവിൻറെ അടുത്ത് ചെന്ന് പറഞ്ഞു. "ഇതാണ് സാറിനെ പരിചരിക്കാനായി വന്ന ഹോംനേഴ്സ്". "പരിചരിക്കാനല്ലടോ, എന്നെ മരിപ്പിക്കാനെന്നു പറ". ബാഗുകൾ അടുക്കി വെക്കുന്നതിനിടയിൽ ആ ശബ്ദം കേട്ട് അവൾ ആ കട്ടിലിലേക്ക് അമ്പരപ്പോടെ നോക്കി. അതെ, അത് ആ ജീവച്ച്ചവമായി കിടക്കുന്ന യുവാവ് തന്നെ ആയിരുന്നു സംസാരിച്ചത്. അവൾ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയതും അവളുടെ അമ്പരപ്പിന്റെയും, ഞെട്ടലിന്റെയും ആഘാതം കൂടി. "രാജീവേട്ടൻ!". അവൾ പോലും അറിയാതെ അവളുടെ നാവിൽ നിന്നും ആ പേര് ഉയർന്നു. അപകർഷത കൊണ്ടാണെന്ന് തോന്നുന്നു ആ യുവാവ് അതോടെ മൗനം പാലിച്ചു.
                     "കുട്ടിക്ക് സാറിനെ അറിയാവോ?" ഒരു ഉൽകണ്ട എന്നോണം ആ ഡ്രൈവർ അവളോട ചോദിച്ചു. "അറിയാം, സാർ കോളേജിൽ എന്റെ സീനിയർ ആയിരുന്നു". അവൾ നിര്വ്വികാരതയോടെ പറഞ്ഞു നിരത്തി. സാറിന് ഒരു ആക്സിഡന്റ്റ് പറ്റിയതാണെന്നും, ആ അപകടത്തിൽ അയാൾക്ക് സ്വന്തമെന്ന് പറയാനായി ആകെ ഉണ്ടായിരുന്ന അച്ഛനും,അമ്മയും മരിച്ചു പോയെന്നും, അപകടത്തിൻറെ ആഘാതത്തിൽ സാറിന്റെ ശരീരം തളർന്നു പോവുകയും, ചലന ശേഷി നഷ്ട്ടപ്പെടുകയും ചെയ്തതാണെന്ന് ആ ഡ്രൈവർ അവളോട് വിശദീകരിച്ചു. പക്ഷെ സംസാരിക്കാൻ മാത്രം കഴിയുമെന്നും അയാൾ കൂട്ടിച്ചേർത്തു. അവൾ അതെല്ലാം ആ നിർവ്വികാരതയോടെ തന്നെ കേട്ട് തിരിച്ചൊന്നും ചോദിക്കുകയോ, പറയുകയോ ചെയ്യാതെ മറുപടിയെന്നോണം ഒന്നു മൂളുക മാത്രം ചെയ്തു.
                    അവളുടെ മനസ്സിലെ ദുഃഖത്തെ സ്വയം നിയന്തരിച്ച് പാകപ്പെടുത്തി ഒരു ഹോംനഴ്സ് എന്ന രീതിയിൽ തന്നെ അവളുടെ ജോലികള ഓരോന്നായി ഓരോ ദിവസവും ചെയ്ത് അയാളെ പരിചരിച്ചു. അയാളെ ഊട്ടുന്നതും, കൃത്യ സമയത്ത് മരുന്ന് കഴിപ്പിക്കുന്നതും, ദേഹമാസകലം വൃത്തിയാക്കി കൊടുക്കുന്നതും, അയാളുടെ പ്രാഥമിക കൃത്യ നിർവ്വഹണ സാമഗ്രികൾ ദിവസവും മാറ്റി കൊടുക്കുന്നതും എല്ലാം അവളുടെ ദൗത്യമായിരുന്നു. പൂർണ്ണമായും കൃത്യതയോടും, വൃത്തിയോടും കൂടി അതെല്ലാം അവളുടെ അവകാശമെന്നോണം ചെയ്തിരുന്നെങ്കിലും അയാൾ ഒരിക്കൽ പോലും അവളോട് പരിചയ ഭാവം കാണിക്കുകയോ, സംസാരിക്കുകയോ ചെയ്തില്ല, തിരിച്ച് അവളും. അവൾ അയാളുടെ അടുത്ത് ചെല്ലുന്ന സമയങ്ങളിലെല്ലാം അയാൾ കണ്ണുമടച്ച് മൗനം പാലിച്ച് നിർവ്വികാരനായി കിടക്കും.
                   മാസങ്ങൾക്ക് ശേഷം ഒരു രാത്രിയിൽ ഒരു ഞരക്കം കേട്ടാണ് അവൾ ഉണർന്നത്. അവൾ എണീറ്റിരുന്ന് ആ കട്ടിലിലേക്ക് നോക്കിയപ്പോൾ കട്ടിലിൽ കിടന്നിരുന്ന അയാളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. അവൾ ഉടനെ അയാളുടെ അടുത്ത് ചെന്നു. "സർ, എന്തു പറ്റി? എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ?" അവൾ ഒരു ഭീതിയോടെ അയാളോട് ചോദിച്ചു. "ഏയ്‌ ഒന്നുമില്ല, ഗീതു പോയി കിടന്നോളൂ". അയാളുടെ മറുപടി കേട്ട് അവൾ ആദ്യം ഒന്നു അമ്പരന്നെങ്കിലും അത് പിന്നെ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയായി മാറി. "അപ്പോൽ രാജീവേട്ടന് എന്നെ അറിയാമായിരുന്നോ? ഞാൻ കരുതി രാജീവേട്ടൻ എന്നെ ഓർക്കുന്നുണ്ടാവില്ല എന്ന്". അവൾ ഒരു ചെറു പരിഭവത്തോടെ പറഞ്ഞു.
                 "ഞാൻ എങ്ങനെയാടോ തന്നെ മറക്കുന്നത്. ഒന്നുമില്ലെങ്കിലും എന്റെ പിന്നാലെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് ഒരുപാട് നടന്നിരുന്നതല്ലേ താൻ". അയാൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അവൾക്ക് അതിനു മറുപടി ഉണ്ടായിരുന്നില്ല. അവൾ മറുപടിയെന്നോണം ഒന്ന് മൂളി. "തനിക്ക് എന്നോട് ദേഷ്യം വല്ലതും ഉണ്ടോ?" എന്ന അയാളുടെ ചോദ്യത്തിന്, "എനിക്ക് എന്തിനാ രാജീവേട്ടനോട്‌ ദേഷ്യം?" എന്ന് അവളുടെ മറു ചോദ്യവും. "തന്നെയും, തന്റെ സ്നേഹത്തെയും ഞാൻ അംഗീകരിക്കാത്തതിൽ തനിക്കോ, ദൈവത്തിനോ എന്നോട് ദേഷ്യം കാണും. അത് കൊണ്ടാവാം ചിലപ്പോൾ ഞാനും, താനും ഇപ്പോൾ ഇങ്ങനെ ഒക്കെ ......" അത് പറഞ്ഞു മുഴുവിക്കാൻ അയാളെ അനുവദിക്കാതെ അവൾ അയാളുടെ വായ പൊത്തി. "അങ്ങനെ ഒന്നും പറയരുത്, എല്ലാം വിധിയാണ്. അത് ആരുടേയും കുറ്റമല്ല". അവൾ ഒരു ആശ്വാസ വാക്കെന്നോണം പറഞ്ഞു.
                 "രാജീവേട്ടന്റെ ദിവ്യ ഇപ്പോൾ എവിടെയാണ്?" അവൾ പഴയ കാലങ്ങൾ ഓർത്തെടുത്ത വണ്ണം ചോദിച്ചു. "താനും ദിവ്യയെ മറന്നില്ലെ! ദിവ്യയും ഞാനും തമ്മിലുള്ള പ്രണയം കാരണമാണല്ലോ അല്ലെ ഞാൻ തന്റെ ഇഷ്ടം കണ്ടില്ലെന്നു നടിച്ചത്. ദിവ്യ ഇപ്പോൾ അവളുടെ ഭർത്താവിന്റെ വീട്ടിൽ ബാര്ത്താവിനോടും, കുടുംബത്തോടും ഒപ്പം സുഖമായി ജീവിക്കുന്നു". അയാള് അതെല്ലാം ഒരു നിസ്സംഗതയോടെ പറഞ്ഞു നിർത്തി. "അപ്പോൾ രാജീവേട്ടന് ദിവ്യയെ വിവാഹം കഴിക്കാൻ സാധിച്ചില്ലേ? അന്ന് കോളേജ് പഠന കാലത്ത് നിങ്ങൾ തീർച്ചയായും ഒന്നിക്കുമെന്ന് എല്ലാവരും കരുതിയിരുന്ന ഒരു നല്ല കമിതാക്കൾ ആയിരുന്നല്ലൊ നിങ്ങൾ. പിന്നെ എന്താ പറ്റിയത് നിങ്ങൾ ഒന്നിക്കാതിരിക്കാൻ?" അവളുടെ ചോദ്യ ശരങ്ങൾ വീണ്ടും ആകാംഷയോടെ ഉയര്ന്നു.
                  അയാൾ അൽപ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം വീണ്ടും സംസാരിച്ചു. "ഞങ്ങൾ ഒന്നിക്കുമായിരുന്നു ഗീതു, എനിക്ക് ഈ ആക്സിടന്റ്റ് പറ്റിയില്ലായിരുന്നെങ്കിൽ. ആ ദിവസം ഞാനും, എന്റെ അച്ഛനും, അമ്മയും ദിവ്യയുടെ വീട്ടിൽ പോയതായിരുന്നു. ഞങ്ങളുടെ വിവാഹത്തിനുള്ള ദിവസം തീരുമാനിക്കാൻ. വിവാഹ തിയ്യതി നിശ്ചയിച്ച് മടങ്ങുന്ന വഴിയിലാണ് അപകടം സംഭവിച്ചതും, എൻറെ അച്ഛനും, അമ്മയും ഈ ലോകത്തോട് വിട പറഞ്ഞതും". അയാൾ ഒരു ഗദ്ഗദത്തോടെ അത് പറഞ്ഞവസാനിപ്പിച്ചു. "വിഷമിക്കാതെ രാജീവേട്ടാ, എല്ലാം വിധിയാണ്". അവൾ അയാളെ വീണ്ടും വിധിയെ പഴിച്ച് ആശ്വസിപ്പിച്ചു. "അല്ല ഗീതു, എൻറെ ഈ ജീവിതം കൊണ്ട് അനുകമ്പ കാണിച്ച് ദൈവം എന്നെ കളിയാക്കുകയാണ്". അയാൾ പിന്നെ ജീവിതം മടുത്തവനെ പോലെ സംസാരിച്ചു. "രാജീവേട്ടനെ കാണാൻ പിന്നീട് ദിവ്യ വന്നിരുന്നില്ലെ?". അവളുടെ ചോദ്യ ശരങ്ങൾ വീണ്ടും ആവർത്തിച്ചു.
"അപകടം പറ്റി ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ ദിവ്യ എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു. പക്ഷെ ഞാൻ എന്നെ കാണാൻ അവളെ അനുവദിച്ചില്ല. ഒരു അപലക്ഷണം പിടിച്ച പെണ്ണിനെ എനിക്ക് കാണണ്ട എന്ന് ഞാൻ അന്ന് പറഞ്ഞു". അയാൾ അത് ഒരു നിരാശയെന്നോണം പറഞ്ഞ് മൌനം പാലിച്ചു. "രാജീവേട്ടൻ എന്തിനാ ദിവ്യയെ പറ്റി അങ്ങനെ പറഞ്ഞത്? അത് ആ കുട്ടിയോട് രാജീവേട്ടൻ ചെയ്ത ഒരു വലിയ ക്രൂരത തന്നെയാണ്". അവൾ അയാളോട് ഒരു കുറ്റപ്പെടുത്തലെന്നോണം പറഞ്ഞു.
                 "അതെനിക്കും അറിയാം ഗീതു. ഞാൻ അത് ഒരിക്കലും ദിവ്യയോടുള്ള വെറുപ്പ് കൊണ്ടോ, ദേഷ്യം കൊണ്ടോ പറഞ്ഞതല്ല. എന്റെ സാഹചര്യവും, അവസ്ഥയും കാരണം പറഞ്ഞതായിരുന്നു. അതുകൊണ്ട് ദിവ്യക്ക് ഇന്ന് ഒരു നല്ല ജീവിതമുണ്ടായി. എന്നോടുള്ള വാശിക്ക് അവളുടെ വീട്ടുകാർ നിശ്ചയിച്ച തിയ്യതിയിൽ തന്നെ ദിവ്യയെ അവളുടെ മുറചെറുക്കനുമായി അവളുടെ വിവാഹം നടത്തി. അവളുടെ ഭർത്താവ് ഒരു നല്ല മനുഷ്യനാണ്. ഇപ്പഴും ദിവ്യയെ എന്നെ ഫോണിൽ വിളിക്കാൻ അനുവദിക്കാറുണ്ട്. അവൾ ദിവസവും എന്നെ വിളിച്ച് എന്റെ ആരോഗ്യ പുരോഗതിയെ പറ്റി അന്വേഷിക്കാറുണ്ട്. അന്ന് ഞാൻ ദിവ്യയുടെ അടുത്ത് വെറുപ്പ് കാണിച്ചതിന്റെ കാര്യം അവൾക്ക് സ്വയം മനസ്സിലാക്കാൻ സാധിച്ചിരുന്നു.ജീവച്ഛവമായി കിടക്കുന്ന എന്റെ കൂടെ ജീവിച്ച് അവളുടെ ജീവിതം കളയണ്ട എന്ന് കരുതിയാണ് ഞാൻ അങ്ങനെ ഒക്കെ പെരുമാറിയതെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. എന്റെ ദിവ്യ അത്ര പൊട്ടി അല്ലാത്തത് കൊണ്ട് എന്നോടുള്ള സ്നേഹവും, എന്റെ സന്തോഷവും പ്രതീക്ഷിച്ച് അവള്ക്ക് ഒട്ടും സഹിക്കാൻ പറ്റാത്ത വിഷമവും, എന്നെ പിരിയുന്നതിൽ വേദനയുണ്ടായിട്ടും കൂടി മനസ്സില്ലാ മനസ്സോടെ ആ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്റെ ദിവ്യക്ക് ഒരിക്കലും എന്നെ വെറുക്കാനോ, മറക്കാനോ കഴിയില്ല. അവൾക്ക് എന്നും ആ സ്നേഹം ഉണ്ടാവും. അല്ലാന്നുന്ടെങ്കിൽ ദിവ്യ ഒരിക്കലും എന്നും എന്റെ ആരോഗ്യ കാര്യങ്ങളെ പറ്റിയൊന്നും അന്വേഷിക്കില്ലല്ലോ. ദിവ്യയുടെ ഫോണ്‍ വരുമ്പോഴാണ് ഗീതു എനിക്ക് ചെവിയിൽ ഹെഡ്ഫോണ്‍ ഘടിപ്പിച്ച് തരാറുള്ളത്. അവളോടാണ് ഞാൻ അധിക സമയം സംസാരിക്കാറും. ഗീതുവിന് ഒരു കാര്യം അറിയാവോ? എനിക്ക് ഇപ്പോൾ ജീവിക്കാൻ ഒട്ടും ആഗ്രഹം ഇല്ല. എനിക്ക് ഇങ്ങനെ തന്നെ അങ്ങ് മരിക്കാനാ ഇഷ്ട്ടം. അല്ലാതെ ഞാൻ വീണ്ടും പഴയ സ്ഥിതിയിൽ ആയാൽ അത് എൻറെ ദിവ്യക്ക് ഒരു മഹാ സങ്കടമാവും. അത് പിന്നെ അവൾക്കൊരു കുറ്റബോധവുമാവും, എനിക്കും. അതുകൊണ്ട് ഗീതുവിന് എന്നെ ഒന്നു കൊന്നു തരാൻ പറ്റുമോ?" അയാൾ ഒരു നിരാശയോടെ കണ്ണുകൾ നിറച്ച് ഒരു ദയാ വായ്പെന്നോണം അവളോട് യാചിച്ചു.
                    "രാജീവേട്ടൻ ഉറങ്ങിക്കോളൂ. നേരം പുലരാറായി. വെറുതെ ഉറക്കമൊഴിച്ച് ആവശ്യം ഇല്ലാത്തത് പറഞ്ഞ് അസുഖം കൂട്ടണ്ട". അവൾ ഒരു ഹോംനഴ്സിന്റെ അധികാരത്തോടെ അയാളുടെ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു. "എന്നാൽ ഗീതുവും കിടന്നോളൂ, സമയം കളയണ്ട". അതും പറഞ്ഞ് അയാൾ മെല്ലെ കണ്ണുകളടച്ച് മയക്കത്തിലേക്ക് പ്രവേശിച്ചു.
                   പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണവുമായി വന്ന് അവൾ അയാളെ തട്ടി വിളിച്ചു. ശരീരത്തിൽ തൊട്ടതും പൊള്ളുന്ന ചൂട്! "രാജീവേട്ടന് പനിയുണ്ടോ?" അവൾ അയാളുടെ നെറ്റിയിൽ കൈ വെച്ച് ചോദിച്ചു. "അറിയില്ല ഗീതു, എനിക്കെന്തോ പോലെ തോന്നുന്നു, ഭയങ്കര ക്ഷീണവും". അയാൾ ഒരു വിധം പറഞ്ഞവസാനിപ്പിച്ചു. "ഞാൻ പോയി ഡോക്ടറെ വിളിക്കാം". എന്നും പറഞ്ഞവൾ ഓടിപ്പോയി ഡോക്ടറെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. "ഡോക്ടറെ വിളിച്ചിട്ടുണ്ട്, അദ്ദേഹം ഇപ്പോൾ വരും". അവൾ അയാളുടെ അടുത്ത് വന്നു പറഞ്ഞു.
                  അൽപ്പ സമയത്തിനു ശേഷം ഡോക്ടർ വന്നു. അദ്ദേഹം പരിശോധിച്ച ശേഷം ഉടൻ തന്നെ ഹോസ്പിറ്റലിൽ വിളിച്ച് ആംബുലൻസ് അയക്കാനായി പറഞ്ഞു. "ഞാൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു പോവുകയാണ്. ഇയാളുടെ സ്ഥിതി ഇത്തിരി മോശമാണ്. അതുകൊണ്ട് ഹോസ്പിറ്റലിൽ ഇയാൾക്ക് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. ആംബുലൻസ് വന്നാൽ ഉടൻ ഇയാളെ ഹോസ്പിറ്റലിൽ എത്തിക്കണം". എന്നും പറഞ്ഞ് ആ ഡോക്ടർ ഉടൻ കാറും എടുത്ത് പോയി.
                "എനിക്ക് ഗീതുവിനോട് ഒരു കാര്യം പറയാനുണ്ട്!". അയാൾ വീണ്ടും സംസാരിച്ചു. അതു കേട്ട് അവൾ അയാളുടെ അടുത്ത് ചെന്നിരുന്നു. "എനിക്ക് ഇനി അധിക സമയം ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇനി ഗീതുവിന് തിരിച്ചു പോവാം. തനിക്കുള്ള പ്രതിഫലമായിട്ട് ഒരു ബ്ലാങ്ക് ചെക്ക് ആ ഡ്രൈവറുടെ കയ്യിൽ കൊടുത്തിട്ടുണ്ട്. തനിക്ക് ഇഷ്ടമുള്ള തുക അതിൽ നിന്നും എഴുതി എടുക്കാം. തനിക്ക് എന്നും നല്ലതേ വരൂ. ദൈവം തന്നെ അനുഗ്രഹിക്കട്ടെ!". അയാൾ ആത്മ സംതൃപ്തിയാൽ അയാളുടെ കൃതജ്ഞത അവളെ അറിയിച്ചു. "രജീവേട്ടൻ എന്തിനാ ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത്. രാജീവേട്ടന് ഒന്നും സംഭവിക്കില്ല. രാജീവേട്ടന്റെ കൂടെ എന്തിനും, എന്നും ഞാനും ഉണ്ടാവും". അവൾ തെല്ലു സങ്കടത്തോടും, പരിഭവത്തോടും കൂടി പറഞ്ഞു. "ഞാൻ പറയാൻ വന്ന കാര്യം അത് മാത്രം അല്ല ഗീതു". അയാൾ വീണ്ടും കഷ്ട്ടപ്പെട്ട് സംസാരിക്കാൻ തുടങ്ങി.
               "ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ ദിവ്യക്ക് എന്നെ വന്നു കാണാൻ എന്റെ അനുവാദം ആവശ്യം ഇല്ലല്ലൊ. ആ സമയത്ത് ദിവ്യ തന്നെ ഇവിടെ കണ്ടാൽ അത് അവൾക്ക് ഒട്ടും സഹിക്കാൻ പറ്റുന്ന ഒന്നാവില്ല. ദിവ്യക്ക് അറിയാം കോളേജ് കാലത്ത് ഗീതുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നു എന്നുള്ളതെല്ലാം. ഞാൻ തന്നെയാണ് അത് ദിവ്യയോട് പറഞ്ഞതും. എന്നാൽ ഇപ്പോൾ ഗീതുവാണ് എന്റെ ഹോംനഴ്സ് എന്ന കാര്യം ഞാൻ ദിവ്യയോട് പറയാതെ മറച്ചു വെച്ചിരിക്കുകയാണ്. ഗീതുവാണ് ഇത്രയും നാൾ എന്നെ പരിചരിച്ചിരുന്ന ഹോംനഴ്സ് എന്ന് ദിവ്യ അറിയാനിടയായാൽ പിന്നീടുള്ള ദിവ്യയുടെ ജീവിതം കുറ്റബോധം കൊണ്ട് നീറി നീറി ഇല്ലാതാവും. എന്റെ മരണം കൊണ്ട് പോലും ദിവ്യ ഒരിക്കലും സങ്കടപ്പെടാൻ പാടില്ല, അതിൽ അവൾ ആശ്വസിക്കണം. അതാണ്‌ എന്റെ ആഗ്രഹം. അതുകൊണ്ട് ഗീതു എന്നോട് സഹകരിച്ചേ പറ്റൂ. എന്റെ മരണം നടന്ന് ആളുകൾ എത്തും മുമ്പെ ഇവിടെ നിന്നും ഗീതു പോവണം. എന്നോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ താൻ എനിക്ക് വേണ്ടി ഇനി അത്ര മാത്രം ചെയ്തു തന്നാൽ മതി. ഇതെന്റെ ഒരു അപേക്ഷയാണ്". മന:പ്രയാസത്തോടെ ഒരു വിധം കഷ്ടപ്പെട്ട് അവളോട് അയാൾ യാചിച്ചു.
              "സംസാരിക്കാതെ കിടക്കു, ആംബുലൻസ് വന്നെന്നു തോന്നുന്നു". അവൾ ജനലിനടുത്തേക്ക് ചെന്ന് പുറത്തേക്ക് നോക്കി പറഞ്ഞു. ഹോസ്പിറ്റൽ ജീവനക്കാർ വന്ന് അയാളെ താങ്ങിയെടുത്ത് കൊണ്ട് പോയി ആംബുലൻസിൽ കിടത്തി. "കുട്ടി ഇവിടെ ഉണ്ടാവില്ലെ? ഞാൻ സാറിന്റെ കൂടെ പോവാം". "ചേട്ടൻ കൂടെ പൊയ്ക്കോളൂ, ഞാൻ ഇവിടെ ഉണ്ടാവും". എന്നായിരുന്നു ഡ്രൈവറുടെ ചോദ്യത്തിന് അവളുടെ മറുപടി.
             കുറച്ച് മണിക്കൂറുകൾക്ക് ശേഷം ആ വീട്ടിലെ ടെലിഫോണ്‍ ശബ്ദം ഉയര്ന്നു. അവൾ ഓടിച്ചെന്ന് ആ ഫോണ്‍ എടുത്തു. "കുട്ടീ,നമ്മുടെ സാർ മരിച്ചു!". ആ ഡ്രൈവറുടെ ശബ്ദമായിരുന്നു അത്. അയാൾ ഗദ്ഗദത്തോടെ അത് പറഞ്ഞു നിർത്തി. "ചേട്ടാ, എന്നാൽ ഞാൻ പോവുകയാണ്. എന്റെ ഇവിടുത്തെ ദൗത്യം കഴിഞ്ഞു". അവൾ ഒരു തരം നിർവ്വികാരതയോടെ പറഞ്ഞു. "കുട്ടിക്ക് സാറിനെ അങ്ങോട്ട് കൊണ്ട് വന്നിട്ട് പോവാം. കുട്ടിക്കുള്ള പ്രതിഫലമായ ചെക്ക് എന്റെ കയ്യിലാണ്. അത് വാങ്ങിയിട്ട് പോവാം". എന്ന ആ ഡ്രൈവറുടെ വാക്കിന് മറുപടിയെന്നോണം "എനിക്ക് ഇനി ആ പ്രതിഫലം വേണ്ട ചേട്ടാ, എനിക്കുള്ള പ്രതിഫലം ദൈവം തന്നെ നേരിട്ട് തന്നു. എനിക്ക് അതു മതി. അതിൽ ഞാൻ വളരെ അധികം തൃപ്തയാണ്". എന്നും പറഞ്ഞ് അവൾ റിസീവർ താഴെ വെച്ചു.
             അവൾ ആ വീട്ടിലേക്ക് വരുമ്പോഴുണ്ടായിരുന്ന സാമഗ്രികളെല്ലാം എടുത്ത് ആ വലിയ മുറിയിൽ ആരോടോ യാത്രാമൊഴി പറയുംപോലെ അവൾ കുറച്ചു നേരം നിന്നു. ആ വീടിന്റെ പടിയിറങ്ങുന്നതിനു മുമ്പ് അവൾ ആ വീട്ടിലുണ്ടായിരുന്ന അയാളുടെ ഒരു വലിയ ഫോട്ടോയിൽ വാടാ മലരുകൾ കൊണ്ടുള്ള ഒരു പുഷ്പഹാരം ചാർത്തി. ഇത്രയും നാൾ അവിവാഹിതയായി അവൾ ആർക്ക് വേണ്ടിയാണോ കാത്തിരുന്നത് ആ ആളിനെ വരണമാല്യം ചാർത്തി അയാളുടെ ഭാര്യയാവാൻ ഭാഗ്യമുണ്ടായില്ലെങ്കിലും അയാളുടെ മരണ സമയത്ത് അയാളെ ശുശ്രൂഷിക്കാനും, പരിചരിക്കാനും കഴിഞ്ഞല്ലോ എന്നുള്ള ആത്മ സംതൃപ്തിയോടെ അയാളുടെ ശവ മഞ്ചൽ ആ വീട്ടു മുറ്റത്തെത്തും മുമ്പ് അവൾ അയാളുടെ വിധവയെന്നോണം ആ വീട്ടിൽ നിന്നും ഇറങ്ങി നടന്നു. ഇനിയുള്ള ജീവിതവും നിരാശ്രയരായ ആളുകൾക്ക് ഒരു ആശ്രയമായി ജീവിച്ച് തീർക്കാനായ്‌. അതും അവിവാഹിതയായ ഒരു വിധവയായിട്ട്!.

4 comments:

  1. ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണല്ലോ!

    ReplyDelete
    Replies
    1. എന്നാ ഇതൊരു സ്ക്രിപ്റ്റ് ആക്കിയാലോ.. ഭാവി ഉണ്ടാവോ? :)

      Delete